08:24 pm 30/12/2016
– പി.പി.ചെറിയാന്‍
ആര്‍ലിംഗ്ടണ്‍ (ടെക്‌സസ്): മയക്കു മരുന്ന് ഉപയോഗിച്ച യുവാവിനെ കൈയ്യോടെ പിടികൂടിയ പൊലീസ് ജയിലില്‍ അടയ്ക്കുന്നതിനു പകരം നല്‍കിയ ശിക്ഷ 200 പുഷ് അപ്‌സ്. ഓഫ് ഡ്യൂട്ടിയിലായിരുന്ന ആര്‍ലിംഗ്ടണ്‍ പൊലീസ് ഓഫിസര്‍ എറിക്ക് ബോള്‍ സിനിമ തിയേറ്ററില്‍ എത്തിയതായിരുന്നു. തിയേറ്ററിന് പുറത്ത് ചില യുവാക്കള്‍ നിന്ന് കഞ്ചാവ് വലിക്കുന്നുണ്ടെന്ന വിവരം ആരോ എറിക്കിന് കൈമാറി. പൊലീസ് എത്തുന്നതിനുമുമ്പ് ഉപയോഗിച്ചു തീര്‍ന്നിരുന്ന കഞ്ചാവ് സിഗരറ്റ് കളത്തിരുന്നുവെങ്കിലും കഞ്ചാവിന്റെ മണം പരിസരത്ത് നിന്നും മാറിയിരുന്നില്ല.
യുവാവിനോട് ചെയ്തത് തെറ്റാണെന്നും ജയില്‍ ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്നും പറഞ്ഞതോടെ യുവാവ് ചെയ്ത തെറ്റില്‍ പശ്ചാത്തപിച്ചു. തുടര്‍ന്ന് അറസ്റ്റ് ഒഴിവാക്കി ഇരുനൂറ് പുഷ് അപ്‌സ് ചെയ്യണമെന്നാവശ്യപ്പെടുകയായിരുന്നു. ഇതിനിടെ തിയറ്ററില്‍ നിന്നും ഇറങ്ങി വന്ന യുവാവിന്റെ മാതാവ് നടന്ന സംഭവം അറിഞ്ഞതോടെ പൊലീസ് ഓഫിസറെ പ്രത്യേകം അഭിനന്ദിക്കുകയും അറസ്റ്റ് ഒഴിവാക്കിയതിന് പ്രത്യേകം നന്ദി പറയുകയും ചെയ്തു.
പൊലീസിന്റെ ഈ നടപടിയെ അവിടെ കൂടി നിന്നവരും പ്രശംസിച്ചു. അറസ്റ്റ് ചെയ്താല്‍ തുടര്‍ന്നുണ്ടാകുന്ന നിയമ കുരുക്കില്‍പ്പെട്ട് യുവാവിന്റെ ഭാവി തന്നെ അപകടത്തിലാകാന്‍ സാധ്യതയുണ്ട്. ഇതൊഴിവാക്കിയതില്‍ എല്ലാവരും സംതൃപ്തരാണ്.