മരിയന്‍ മിനിസ്ട്രി നയിക്കുന്ന ഫയര്‍ കോണ്‍ഫറന്‍സ് 2017 ഫിലാഡല്‍ഫിയയില്‍

09:19 pm 19/5/2017

ഫിലാഡല്‍ഫിയ: മരിയന്‍ മിനിസ്ട്രി നയിക്കുന്ന ട്രൈസ്റ്റേറ്റ് ത്രിദിന ധ്യാനം “ഫയര്‍ കോണ്‍ഫറന്‍സ് 2017′ ഫിലാഡല്‍ഫിയയിലെ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ പള്ളിയില്‍ വച്ചു ജൂണ്‍ 30, ജൂലൈ 1,2 (വെള്ളി, ശനി, ഞായര്‍) തീയതികളിലായി നടക്കും. ന്യൂജേഴ്‌സി, ഡലവെയര്‍, മേരിലാന്റ് എന്നീ സംസ്ഥാനങ്ങളിലേയും, ഫിലഡല്‍ഫിയയിലെ സമീപ പ്രദേശങ്ങളിലേയും വിശ്വാസി സമൂഹത്തെയാണ് ധ്യാനം ലക്ഷ്യംവെയ്ക്കുന്നത്.

ലോക പ്രശസ്ത അനുഗ്രഹീത വചന പ്രഘോഷകനും പതിനായിരങ്ങളെ ആത്മീയ കൃപയുടെ വഴിയിലേക്ക് നയിച്ചുകൊണ്ടിരുക്കുന്ന റവ.ഫാ. ദാനിയേല്‍ പൂവണ്ണത്തില്‍ ധ്യാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ഏറെ വരദാനങ്ങളാല്‍ ദൈവം അനുഗ്രഹിച്ച് ഉയര്‍ത്തിയ മരിയന്‍ ടിവിയുടെ ചെയര്‍മാന്‍ ദൈവ വചനത്തിന്റെ അഗ്നി അഭിഷേകത്തോടെ പ്രഘോഷിക്കുന്നതുമായ ബ്രദര്‍ പി.ഡി ഡൊമിനിക്, ഗാനശുശ്രൂഷയിലൂടെ ആത്മാവിന്റെ വലിയ അഭിഷേകത്തിലേക്ക് ദൈവജനത്തെ ഉയര്‍ത്തുന്ന ബ്രദര്‍ പോള്‍സണ്‍ ജോസഫ് എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഈ ധ്യാനം ജൂണ്‍ 30-ന് വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരേയും, ജൂലൈ ഒന്നാം തീയതി ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരേയും, ജൂലൈ രണ്ടാം തീയതി ഞായറാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 6 വരേയുമാണ് ധ്യാന സമയം. രജിസ്‌ട്രേഷന്‍ ഇല്ലാതെ നടത്തപ്പെടുന്ന ഈ ധ്യാന ശുശ്രൂഷയിലേക്ക് സഭാ വ്യത്യാസമില്ലാതെ ഏവരേയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.mariantvworld.org, Email: queenmaryministryusa@gmail.com