മരുമകളെ അടിച്ചുകൊലപ്പെടുത്തിയ ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ അറസ്റ്റില്‍

07:40 pm 10/3/2017

– പി.പി. ചെറിയാന്‍
Newsimg1_9497378
കലിഫോര്‍ണിയ : കലിഫോര്‍ണിയയില്‍ മരുമകളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്ന അമര്‍ജിത് സിംഗ് (63) എന്ന ഇന്ത്യന്‍ വംശജനെ മാര്‍ച്ച് 8ന് പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് ഏഴിന് സുയ്‌സം സിറ്റിയിലെ വീടിനോടനുബന്ധിച്ചുള്ള ഗാരേജില്‍ വച്ചാണ് കൊലപാതകം നടന്നത്. പ്രതി കുറ്റം ഏറ്റു പറഞ്ഞതിനെ തുടര്‍ന്ന് സൊലാനോ കൗണ്ടി ജയിലിലടച്ചു. ഷമിന ബിബി എന്ന 29 കാരിയാണ് കൊല്ലപ്പെട്ടത്. തലയ്‌ക്കേറ്റ ക്ഷതമായിരുന്നു മരണ കാരണം.

പിതാവ് എന്ന നിലയിലുള്ള ബഹുമാനം മരുമകള്‍ നല്കിയില്ല എന്നതാണ് പ്രതിയെ പ്രകോപിപ്പിക്കുന്നതിന് ഇടയാക്കിയതെന്ന് സിറ്റി പൊലീസ് ചീഫ് ടിം മറ്റോസ് പറഞ്ഞു. മരുമകളും മകനും രണ്ട് വയസ്സുള്ള കുട്ടിയും പ്രതിയും ഭാര്യയും ഒരു വീട്ടിലാണ് കഴിഞ്ഞിരുന്നത്.

ഫെയര്‍ ഫില്‍ഡിലെ ഗുരുനാനാക്ക് ടെമ്പിളിലെ സ്ഥിരം അംഗമായ അമര്‍ജിത് സിംഗിനെക്കുറിച്ച് എല്ലാവര്‍ക്കും നല്ല അഭിപ്രായമായിരുന്നു. ഷമിന ബിബിയുടെ മരണം കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും അതീവ ദുഃഖത്തിലാഴ്ത്തി. മരുമകള്‍ അപമര്യാദയായി പെരുമാറിയെന്നും ഗാരേജിലിരുന്നിരുന്ന ബൈക്കിനു മുകളിലേക്ക് തള്ളിയിട്ടുവെന്നും അമര്‍ജിത് സിംഗ് പൊലീസിനോട് പറഞ്ഞു.

എന്നാല്‍ ഷമീന ബിബി സൗമ്യ സ്വഭാവക്കാരിയാണെന്ന് കുടുംബ സുഹൃത്ത് സന്‍ജോത് സിംഗ് പറഞ്ഞു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.