മലപ്പുറം സ്ഫോടനം: പെന്‍ഡ്രൈവിലെ വിവരങ്ങള്‍ പുറത്ത്

12:21 pm 3/11/2016

download (2)
മലപ്പുറം: കളക്ടറേറ്റ് വളപ്പിലെ സ്ഫോടനസ്ഥലത്ത് നിന്ന് കിട്ടിയ പെന്‍ഡ്രൈവിലെ വിവരങ്ങള്‍ പുറത്ത് . പെന്‍ഡ്രൈവില്‍ പാര്‍ലമെന്റിന്‍റെ ചിത്രവും, പ്രധാനമന്ത്രി അടക്കമുള്ളവര്‍ക്കെതിരായ വധഭീഷണിയും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം മുമ്ബ് കൊല്ലത്ത് നടന്ന സ്ഫോടനത്തിലും ഉപയോഗിച്ചത് ഒരേ പോലുള്ള സ്ഫോടക വസ്തുക്കളാണെന്ന് പൊലീസ് കണ്ടെത്തി.

കൊല്ലം സ്ഫോടനം അന്വേഷിക്കുന്ന കൊല്ലം വെസ്റ്റ് സി.ഐ ബിജുവിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്ന് രാവിലെ എട്ടു മണിയോടെ മലപ്പുറത്ത് എത്തി പരിശോധന നടത്തി. സ്ഫോടനം നടന്ന സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പെന്‍ഡ്രൈവില്‍ നിര്‍ണ്ണായകമായ മറ്റ് വിവരങ്ങള്‍ ഉണ്ടെന്നാണ് സൂചന.
കൊല്ലത്തും മലപ്പുറത്തും ഉപയോഗിച്ച ഇംപ്രൊവൈസ്ഡ് എക്സ്‍പ്ലോസീവ് ഡിവൈസ് (ഐ.ഇ.ഡി) ഒരു സ്വഭാവത്തിലുള്ളതാണെന്ന് അന്വേഷണത്തിന് ശേഷം പൊലീസ് പറഞ്ഞു. കൊല്ലത്ത് ചോറ്റുപാത്രത്തിലായിരുന്നു ബോംബ് സ്ഥാപിച്ചിരുന്നതെങ്കില്‍ മലപ്പുറത്ത് പ്രഷര്‍ കുക്കറായിരുന്നു ഉപയോഗിച്ചത്. കൊച്ചിയില്‍ നിന്നുള്ള ദേശീയ അന്വേഷണ ഏജന്‍സി സംഘവും (എന്‍.ഐ.എ) മലപ്പുറത്ത് എത്തിയിട്ടുണ്ട്.
ഡി.വൈ.എസ്.പി അബ്ദുല്‍ ഖാദറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. സമാന രീതിയിലുള്ള സ്ഫോടനം മുമ്ബ് നടന്ന മൈസൂരില്‍ നിന്നുള്ള പൊലീസ് സംഘവും വൈകുന്നേരത്തോടെ മലപ്പുറത്ത് എത്തിച്ചേരും. തൃശ്ശൂര്‍ റേഞ്ച് ഐ.ജി അടക്കമുള്ള ഉന്നത ഉദ്ദ്യോഗസ്ഥരും സ്ഥലത്തെത്തി. സംഭവം ചര്‍ച്ച ചെയ്യാന്‍ ഉന്നത് ഉദ്ദ്യോഗസ്ഥരുടെ യോഗവും ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. കളക്ടറേറ്റിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
ബേസ് മൂവ്മെന്റ് എന്ന സംഘടനയെക്കുറിച്ചും സ്ഫോടനത്തിന് മുമ്ബ് കളക്ടറേറ്റ് പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെന്ന് പറയപ്പെടുന്ന വ്യക്തിയെയും സംബന്ധിച്ചുള്ള വിശദമായ അന്വേഷണം നടക്കുന്നുണ്ട്. ഇത്തരം സംഘടനകളെ മുന്‍നിര്‍ത്തി മറ്റാരെങ്കിലും ചെയ്തതാണോയെന്നും അന്വേഷിക്കുന്നുണ്ട്.