മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ മലയാളഭാഷയുടെ ഭാവി

07:11 am 19/5/2017

മണ്ണിക്കരോട്ട് (www.mannickarotu.net)


ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളുടേയും എഴുത്തുകാരുടേയും സംയുക്ത സംഘടനയായ, ‘മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും’ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ‘മലയാളം സൊസൈറ്റി ഓഫ് അമേരിക്ക’യുടെ മെയ്മാസ സമ്മേളനം 13-ന് ശനിയാഴ്ച വൈകീട്ട് 4 മണിയ്ക്ക് ഹ്യൂസ്റ്റനിലെ കേരളാ ഹൗസില്‍ സമ്മേളിച്ചു. ‘മലയാളഭാഷയുടെ ഭാവി’ എന്ന വിഷയത്തെക്കുറിച്ച് ടോം വിരിപ്പനും എ.സി. ജോര്‍ജും പ്രഭാഷണം നടത്തി.

മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വരപ്രാര്‍ത്ഥനയോട് ആരംഭിച്ചു. പ്രാരംഭമായിട്ട് ഏപ്രില്‍ 8-നു കഴിഞ്ഞ മലയാളം സൊസൈറ്റിയുടെ 20-ാം വാര്‍ഷികാഘോഷത്തെക്കുറിച്ച് ചുരുക്കമായി വിശകലനം ചെയ്തു. വളരെ കൃത്യവും വ്യക്തവുമായി സസൂക്ഷമം പ്ലാന്‍ തയ്യാറാക്കി നടത്തിയ സമ്മേളനം കുറവുകളൊന്നുമില്ലാതെ വിജയകരമായി പര്യവസാനിച്ചതായി അംഗങ്ങള്‍ വിലയിരുത്തി. അതോടൊപ്പം മലയാളം സൊസൈറ്റി പ്രസിദ്ധീകരിച്ച ‘സര്‍ഗ്ഗദീപ്തി’ എന്ന പുസ്തകത്തിന്റെ വിതരണവും നടത്തി.

തുടര്‍ന്ന് ചര്‍ച്ചാവിഷയമായ മലയാളഭാഷയുടെ ഭാവിയെക്കുറിച്ച് ആദ്യമായി ടോം വിരിപ്പന്‍ പ്രബന്ധം അവതരിപ്പിച്ചു. അദ്ദേഹം ഭാഷയുടെ തുടക്കം മുതല്‍ ഇന്നേവരെ ഉണ്ടായിട്ടുള്ള മാറ്റങ്ങളെക്കുറിച്ച് ചുരുക്കമായി വിവരിച്ചു. തമിഴിന്റെയും പിന്നീട് സംസ്കൃതത്തിന്റെയും പിടിയില്‍ ഒതുങ്ങിയിരുന്ന ഭാഷ, 16-ാം നൂറ്റാണ്ടായപ്പോഴേക്കും മലയാളത്തിന്റെ തനതായ ഒരു പുതിയ പാത വെട്ടിത്തുറക്കാന്‍ എഴുത്തച്ഛനു കഴിഞ്ഞു. തുടര്‍ന്ന് ഭാഷയ്ക്ക് എടുത്തുപറയത്തക്ക സംഭാവനകള്‍ ചെയ്തിട്ടുള്ള സാഹിത്യ പ്രതിഭകളെക്കുറിച്ച് ടോം വിരിപ്പന്‍ ചുരുക്കമായി പ്രതിപാദിച്ചു.

ഇന്ന് ഭാഷ ഇംഗ്ലീഷിന്റെ പിടിയിലേക്കമരുകയോണോ എന്നുള്ളതാണ് ഭാഷാസ്‌നേഹികളുടെ സന്ദേഹം. ഇംഗ്ലീഷ് മീഡിയം സ്ക്കുളുകള്‍ വര്‍ദ്ധിക്കുകയും മാതൃഭാഷ അവഗണിക്കുകയും ചെയ്യുമ്പോള്‍ ഭാഷയില്‍ അമിതമായ കലര്‍പ്പുണ്ടാകുന്നു. എന്നാല്‍ അത് കാലത്തിന്റെ മാറ്റമാണ്. എന്നാല്‍ അതുകൊണ്ടൊന്നും ഭാഷയുടെ ഭാവിയ്ക്ക് ഒരു കോട്ടവും തട്ടുകയില്ലെന്ന് ടോം വിരിപ്പന്‍ വിലയിരുത്തി.

തുടര്‍ന്ന് എ.സി. ജോര്‍ജ് പ്രഭാഷണം ആരംഭിച്ചു. അദ്ദേഹം ഇന്ന് ഭാഷയില്‍ ഉണ്ടായിട്ടുള്ള, ഉണ്ടായിക്കൊണ്ടിരിക്കുന്ന കലര്‍പ്പിനെക്കൂറിച്ചായിരുന്നു പ്രധാനമായിട്ടും പ്രഭാഷണം നടത്തിയത്. ഇന്ന് കേരളം പഴയ കേരളമല്ല. അതുപോലെ ഭാഷയിലും മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ഇന്ന് കേരളത്തില്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍നിന്നും പല കാരണങ്ങളാല്‍ ജനങ്ങള്‍ വന്നു പാര്‍ക്കുന്നുണ്ട്. അതുപോലെ തന്നെ നമ്മുടെ ആളുകള്‍ ദേശത്തിന്റെ പല ഭാഗത്തും വിദേശത്തും ജീവിക്കുന്നു. ഇവരെല്ലാം ഓരോ വിധത്തില്‍ ഭാഷയില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നു. മുമ്പ് വടക്കെ ഇന്ത്യയില്‍ ജീവിച്ചവരുടെ മലയാളത്തില്‍ ഹിന്ദിയുടെ കലര്‍പ്പുണ്ടായെങ്കില്‍ അമേരിക്കയിലെ മലയാളികളില്‍ ഇംഗ്ലീഷിന്റെ കലര്‍പ്പുണ്ട്. ഇത് ഒരു പൊതുരീതിയാണ്. എന്നാലും ഭാഷ നിലനില്ക്കും, അദ്ദേഹം അറിയിച്ചു.

ടി.എന്‍. ശാമുവല്‍ ആയിരുന്നു മോഡറേറ്റര്‍. പൊതു ചര്‍ച്ചയില്‍ എല്ലാവരും സജീവമായി പങ്കെടുത്തു. അമേരിക്കയില്‍ ഇന്ന് സജീവമായിരിക്കുന്ന മലയാളഭാഷയുടെ നിലനില്‍പ്പില്‍ പ്രഭാഷകരും സദസ്യരും ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍ കുടിയേറ്റം നിലനില്‍ക്കുന്നിടത്തോളം ഭാഷയും നിലനില്‍ക്കുമെന്ന് പൊതുവെ ആഭിപ്രായപ്പെട്ടു.

സമ്മേളനത്തില്‍ ഫോര്‍ട് ബെന്റ് കൗണ്ടി സക്കൂള്‍ ട്രസ്റ്റി ബോര്‍ഡിലേക്ക് തൊരഞ്ഞെടുക്കപ്പെട്ട കെ. പി. ജോര്‍ജ് പ്രധാന അതിഥിയായിരുന്നു. കൂടാതെ പൊന്നു പിള്ള, എ.സി. ജോര്‍ജ്, തോമസ് വൈക്കത്തുശ്ശേരി, ടോ വിരിപ്പന്‍, ദേവരാജ് കാരാവള്ളില്‍, ഷിജു ജോര്‍ജ്, തോമസ് വര്‍ഗ്ഗീസ്, നൈനാന്‍ മാത്തുള്ള, ചാക്കൊ മുട്ടുങ്കല്‍, ജി. പുത്തന്‍കുരിശ്, ടി. എന്‍. ശാമുവല്‍, തോമസ് ചെറുകര, തോമസ് തയ്യില്‍, ജോര്‍ജ് മണ്ണിക്കരോട്ട് മുതലായവര്‍ പങ്കെടുത്തു.

ജി. പുത്തന്‍കുരിശിന്റെ കൃതജ്ഞതാ പ്രസംഗത്തോടെ സമ്മേളനം പര്യവസാനിച്ചു. മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950, ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217.

മണ്ണിക്കരോട്ട് (www.mannickarotu.net)