മലയാളികളുടെ തിരോധാനം: മൂന്നു പേർക്കെതിരെ യു.എ.പി.എ ചുമത്തി

11:56 AM 27/07/2016
download (1)
പാലക്കാട്: മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശികളായ മൂന്നു പേർക്കെതിരെ ഭീകരവിരുദ്ധ നിയമ (യു.എ.പി.എ) പ്രകാരമുള്ള കുറ്റം ചുമത്തി. പാലക്കാട് കഞ്ചിക്കോട് സ്വദേശികളായ ഷിബി, സഹോദരന്മാരായ ഈസ, യഹി‍യ എന്നിവർക്കെതിരെയാണ് അന്വേഷണ സംഘം യു.എ.പി.എ ചുമത്തിയത്. മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുംബൈയില്‍ അറസ്റ്റിലായ അര്‍ഷി ഖുറൈശി, റിസ്വാന്‍ ഖാന്‍ എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. മേയിലാണ് ഷിബി, ഈസ, ഭാര്യ ഫാത്തിമ എന്ന നിമിഷ, യഹ്യ, ഭാര്യ മെര്‍ലിന്‍ എന്നിവരെ കാണാതായത്.

കൊച്ചി തമ്മനം സ്വദേശിനിയായ മെര്‍ലിന്‍റെ സഹോദരന്‍ എബിന്‍ ജേക്കബ് സഹോദരിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച പരാതിയിലാണ് പൊലീസ് പ്രത്യേക സംഘം അന്വേഷണം നടത്തുന്നത്. പാലക്കാട് സ്വദേശി ബെസ്റ്റിന്‍ വിന്‍സന്‍റ് എന്ന യഹ്യയുടെ ഭാര്യയാണ് മെര്‍ലിന്‍. ഈസയുടെ ഭാര്യ ഫാത്തിമ എന്ന നിമിഷ കാണാതായ സംഭവത്തിൽ മാതാവും തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിനിയുമായ ബിന്ദു മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകിയിരുന്നു.

പടന്ന, തൃക്കരിപ്പൂര്‍ മേഖലയിലെ അഞ്ചു സ്ത്രീകള്‍ ഉള്‍പ്പെടെ 15 മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട പരാതിയിൽ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി സുനില്‍ ബാബു കേത്തുംകണ്ടിയുടെ നേതൃത്വത്തില്‍ 20 അംഗ സംഘം നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത ഒമ്പത് കേസുകളാണ് സംഘം അന്വേഷിക്കുന്നത്. തിരോധാനവുമായി ബന്ധപ്പെട്ട കേന്ദ്ര ഏജൻസികളായ ഐ.ബിയും എന്‍.ഐ.എയും പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്.