10:56 am 30/1/2017
മുംബൈ: മലയാളി ഐടി ഉദ്യോഗസ്ഥ പൂനെയില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു. സിസ്റ്റം എഞ്ചിനീയര്‍ കോഴിക്കോട് സ്വദേശി കെ രസീല രാജു(25)വാണ് കൊല്ലപ്പെട്ടത്. പൂനെ ഇന്‍ഫോസിസ് ഐടി പാര്‍ക്കിലെ ഓഫീസിനകത്താണ് കൊലപാതകം. കംപ്യൂട്ടര്‍ വയര്‍ കഴുത്തില്‍ കുരുക്കിയായിരുന്നു മൃതദേഹമെന്ന് പൊലീസ് പറയുന്നു.
ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു കൊലപാതകം. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഓഫീസിലെ സുരക്ഷാ ജീവനക്കാരനായ അസം സ്വദേശി ബാബന്‍ സൈക്യയാണ് പൊലീസ് കസ്റ്റഡിയിലെന്നാണ് വിവരം. അസമിലേക്ക് ട്രെയിന്‍ കാത്തിരിക്കെ മുംബൈ സി.എസ്.ടി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. സ്ഥലത്തെ സുരക്ഷാ കാമറകളിലെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ഞായറാഴ്ച അവധിയായിട്ടും ജോലികള്‍ ചെയ്തു തീര്‍ക്കാനാണ് യുവതി ഓഫീസിലെത്തിയതെന്ന് ഇന്‍ഫോസിസ് അധികൃതര്‍ പൊലീസിനെ അറിയിച്ചു. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് കൊലപാതകം നടന്നത്. എന്നാല്‍ എട്ടുമണിയോടെയാണ് സംഭവം പുറത്തറിഞ്ഞത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.