07:53 am 25/12/2016
എബി മക്കപ്പുഴ
ഡാളസ്: എരുമേലിയിലെ നിര്‍ദ്ദിഷ്ട വിമാനത്താവള ഭൂമി അന്താരാഷ്ട്ര വിമാനത്താവള നിര്‍മാണത്തിന് ഏറ്റവും അനുയോജ്യമാണന്ന് പ്രാഥമിക പഠന റിപ്പോട്ട് വിലയിരുത്തി. ബിലിവേഴ്‌സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലുള്ള രണ്ടായിരത്തി അഞ്ചൂറ് ഏക്കറുള്ള ചെറുവള്ളി എസ്‌റ്റേറ്റിലാണ് വിമാനത്താവളം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. യാതൊരു പാരിസ്ഥിതിക പ്രശ്‌നവും ഇല്ലാതെ എരുമേലിയില്‍ വിമാനത്താവളം നിര്‍മിക്കാനാകുമെന്നാണ് വിലയിരുത്തല്‍. പമ്പയില്‍ നിന്നും 26 കിലോമീറ്റര്‍ അകലെയാണ് വിമാനത്താവളം.റാന്നിയുടെയും, പൂഞ്ഞാറിന്റെയും മധ്യഭാഗത്ത്. മലയോര കര്‍ഷകരുടെ സ്വപ്നം പൂവണിയാന്‍ പോകുന്ന വിമാനത്താവള പദ്ധതി.
എരുമേലി വിമാനത്താവള പദ്ധതിയില്‍ 3500 കോടി രൂപ മുതല്‍ മുടക്കാന്‍ തയാറായി ഇപ്പോള്‍ നിക്ഷേപകര്‍ രംഗത്ത് വന്നിട്ടുണ്ട് കോര്‍പറേഷന്‍ ബാങ്കും വിദേശ മലയാളി സംഘടനകളുമാണ്. നിര്‍ദിഷ്ട പദ്ധതിയില്‍ ആദ്യഘട്ടമായി ആയിരം കോടിയുടെ വാഗ്ദാനമാണ് കോര്‍പറേഷന്‍ ബാങ്ക് നല്കിയിരിക്കുന്നത്. അമേരിക്കയിലെ പ്രവാസി സംഘടനയായ അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ നൂറു കോടി രൂപ റാന്നി സുഹൃത്തുക്കളില്‍ നിന്നും സമാഹരിച്ചു ഈ പദ്ധതിയിലേക്ക് നിക്ഷേപിക്കുമെന്ന് സെക്രട്ടറി ജോ ചെറുകര (ന്യൂയോര്‍ക്ക് ) അറിയിച്ചു.
.നിലവില്‍ കേരളത്തിലുള്ള വിമാനത്താവളങ്ങളേക്കാള്‍ ദൈര്‍ഘ്യമുള്ള റണ്‍വേ ഇവിടെ ഒരുക്കാന്‍ സാധിക്കുമെന്നും, കൂടുതല്‍ വികസനത്തിനുള്ള സ്ഥലം കണ്ടത്താന്‍ സാധിക്കുമെന്നും മുള്ളതാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് എയര്‍പോര്‍ട്ട് ഡിസൈനിംഗ് നടത്തിക്കൊണ്ടിരിക്കുന്നത്. സ്വകാര്യ ഏജന്‍സി നടത്തിയ പഠന റിപ്പോര്‍ട്ട് തയാറായിട്ടുണ്ടെങ്കിലും വിമാനത്താവളം യാഥാര്‍ഥ്യമാവണമെങ്കില്‍ ഇനിയും ധാരാളം കടമ്പകള്‍ കടക്കണം. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പ്, പ്രതിരോധമന്ത്രാലയം എന്നിവരുടെ അനുമതി തേടണം.
അനുമതി ലഭിച്ചാല്‍ സര്‍ക്കാരിന് 49 ശതമാനവും, മറ്റ് ഓഹരി ഉടമകള്‍ക്ക് 51 ശതമാനം പങ്കാളിത്തവുമാണ് അതില്‍ ഉണ്ടാവുക. എരുമേലി വിമാനത്താവളത്തിന് പുറമെ, ഹെലിപാഡ്, ശബരി പാതയുടെ ഭാഗമായി റെയില്‍വേ സ്‌റ്റേഷന്‍ തുടങ്ങിയ പദ്ധതികളിലും മുതല്‍ മുടക്കുന്ന കാര്യം ജനപ്രതിനിധികളായ പി.സി ജോര്‍ജ് എം.എല്‍.എ, രാജു എബ്രഹാം എം.എല്‍.എ എന്നിവര്‍ പൊതു ജന അഭിപ്രായം ആരായുന്നുണ്ട്. മലയോര മേഖലയിലെ റെയ്ല്‍വേ വികസനം പുതുതായി രൂപകരിച്ചിരിക്കുന്ന റെയില്‍വേ കമ്പനിയുടെ നിയന്ത്രണത്തില്‍ ആയിരിക്കും എന്നതിനാല്‍ അതിന്റെ വികസനവും സംയുകതമായി നടത്താന്‍ സാധിക്കുമെന്നാണ് വിശ്വാസം.
ചെറുവള്ളി എസ്‌റ്റേറ്റിനു വളരെ അടുത്തുള്ള എരുമേലി ടൗണിനോട് ചേര്‍ന്നുതന്നെ ഹെലിപാഡ് നിര്‍മിക്കാനും തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടുള്ളതായി അറിയിച്ചതായും ഇതിനായി 40 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളതായും റാന്നി എം.എല്‍.എ രാജു എബ്രഹാം അറിയിച്ചു.
വിമാനത്താവളം വരുന്നതോടെ റാന്നി, പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നിവടങ്ങളിലേക്ക് പോകുവാന്‍ വിദേശത്തുനിന്നും മറ്റും എത്തുന്നവര്‍ക്ക് എളുപ്പം കഴിയും. മാത്രമല്ല കേരളത്തിന് പുറത്തുനിന്നും വരുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്കും ഇത് ഏറെ ഉപകാരപ്രദമാകും.