മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടണം

01;50PM 6/6/2016
supreme-court_660_020913075242

ന്യുഡല്‍ഹി: മലാപ്പറമ്പ് എ.യു.പി സ്‌കൂള്‍ അടച്ചുപൂട്ടുന്നത് തടയുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം പാളി. സ്‌കൂള്‍ പൂട്ടാനുള്ള ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. 75 കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്ന സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ചില്ല. വിദ്യാഭ്യാസ അവകാശത്തിന്റെ ലംഘനമാണെന്നും പ്രവൃത്തിദിനം ആരംഭിച്ചതിനാല്‍ കുട്ടികള്‍ക്ക് മറ്റു സ്‌കൂളുകളില്‍ പ്രവേശനം നേടാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. വാണിജ്യ ആവശ്യത്തിനാണ് സ്‌കൂള്‍ അടച്ചുപൂട്ടാന്‍ മാനേജ്‌മെന്റ് ശ്രമിക്കുന്നതെന്നും സര്‍ക്കാര്‍ വാദിച്ചുവെന്നും കോടതി പരിഗണിച്ചില്ല. കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നതിനാല്‍ സ്‌കൂള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ലെന്ന് മാനേജ്‌മെന്റും കോടതിയില്‍ അറിയിച്ചു.
സ്‌കൂള്‍ അടച്ചുപൂട്ടന്‍ 2015 ഒക്‌ടോബറില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നതായിരുന്നു. ഇതിനെതിരെ അപ്പീല്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിനും പി.ടി.എയ്ക്കും ആവശ്യത്തിന് സമയം ലഭിച്ചിരുന്നു. എന്നാല്‍ അന്നൊന്നും അതിനു ശ്രമിക്കാതെ ഈ ഘട്ടത്തില്‍ അപ്പീല്‍ സമര്‍പ്പിച്ചത് ന്യായികരിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റീസ് പി.സി ഘോഷ് അധ്യക്ഷനായ അവധിക്കാല ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
ഹൈക്കോടതി നിര്‍ദേശിച്ച പോലെ തന്നെ നടപടിയുമായി മുന്നോട്ടുപോകണം. നടപടി പൂര്‍ത്തിയാക്കി ബുധനാഴ്ച തന്നെ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ജൂണ്‍ എട്ടിനകം സ്‌കൂള്‍ അടച്ചുപൂട്ടണമെന്നാണ് ഹൈക്കോടതി ഉത്തരവ്. സ്‌കൂള്‍ പൂട്ടാനുള്ള ഹൈക്കോടതി ഉത്തരവുമായി രണ്ടു തവണ അധികൃതര്‍ എത്തിയെങ്കിലും ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് തിരികെ പോകുകയായിരുന്നു.