മഴവില്‍ എഫ്.എമ്മിന് മൂന്ന് വയസ്സ് –

08:06 am 22/4/2017

മൊയ്തീന്‍ പുത്തന്‍ചിറ


ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി മനസ്സില്‍ സംഗീതത്തിന്റെ പെരുമഴയായി പെയ്തിറങ്ങിയ മഴവില്‍ എഫ്.എം. റേഡിയോ സ്‌റ്റേഷന്‍ ഈ വിഷുവിന് മൂന്നു വയസ്സ് പൂര്‍ത്തീകരിച്ചിരിക്കുന്നു. ന്യൂയോര്‍ക്കില്‍ നിന്നും മൂന്ന് യുവാക്കള്‍ വളരെ എളിയ രീതിയില്‍ ആരംഭിച്ച ഈ ഓണ്‍ലൈന്‍ റേഡിയോ, ഇതിനോടകം അഞ്ച് സ്ട്രീമുകളിലായി ലോകം മുഴുവന്‍ ജനശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷ കാലയളവില്‍ ഏകദേശം അറുപത്തിയഞ്ചോളം റേഡിയോ ജോക്കികളുടെ ശബ്ദം മഴവില്‍ എഫ്.എമ്മിലൂടെ ലോകം ശ്രവിച്ചു. അമേരിക്കയില്‍ തന്നെ ന്യൂയോര്‍ക്ക് മുതല്‍ കാലിഫോര്‍ണിയ വരെ ഒരു റേഡിയോ ശൃംഖലയായി മാറിയ മഴവില്‍ എഫ്.എമ്മില്‍ മുപ്പതോളം റീജനല്‍ ഡയറക്ടര്‍മാര്‍, പതിനഞ്ചോളം ഇന്റര്‍നാഷണല്‍ റീജനല്‍ ഡയറക്ടര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ആഘോഷ പരിപാടികള്‍ ഏപ്രില്‍ 29ന് ന്യൂയോര്‍ക്ക് ഫ്‌ലോറല്‍ പാര്‍ക്കിലെ വിഷന്‍ ഔട്ട്‌റീച്ച് സെന്ററില്‍ തെന്നിന്ത്യയുടെ വാനമ്പാടി കെ.എസ്. ചിത്ര ഉദ്ഘാടനം ചെയ്യും. പ്രശസ്ത സിനിമാ സംവിധായകന്‍ സോഹന്‍ലാല്‍, നിര്‍മ്മാതാവ് ഡോ. ഫ്രീമു വര്‍ഗീസ്, പ്രസ് ക്ലബ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മഴവില്‍ എഫ്.എം. ബാനറില്‍ ഡോ. സിന്ധു പൊന്നാരത്ത് നിര്‍മ്മിച്ച ‘അനന്തരം’ എന്ന ടെലിഫിലിമിന്റെ ആദ്യ പ്രദര്‍ശനവും ഉണ്ടായിരിക്കും. നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡിന്റെ ടിക്കറ്റ് വില്പനയുടെ കിക്ക് ഓഫ് മഴവില്‍ വേദിയില്‍ വെച്ച് കെ.എസ്. ചിത്ര ഉദ്ഘാടനം ചെയ്യും.

ഈ പരിപാടി വിജയിപ്പിക്കുവാന്‍ എല്ലാ കലാസ്‌നേഹികളുടേയും സഹകരണം മഴവില്‍ എഫ്.എം. സാരഥികളായ നിശാന്ത് നായര്‍, ജോജോ കൊട്ടാരക്കര, കൊച്ചിന്‍ ഷാജി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു.