മാണിക്കെതിരേ നടന്ന അന്വേഷണം പ്രഹസനം: ഹൈക്കോടതി

9:28am 9/4/2016
download (3)
കൊച്ചി: ബാര്‍ കോഴക്കേസില്‍ മുന്‍മന്ത്രി കെ.എം. മാണിക്കെതിരേ വിജിലന്‍സ് നടത്തിയ അന്വേഷണം പ്രഹസനമെന്നു ഹൈക്കോടതി. കൃത്യവും ശാസ്ത്രീയവുമായ അന്വേഷണമല്ല വിജിലന്‍സ് നടത്തിയതെന്നും ജസ്റ്റിസ് പി.ഡി. രാജന്‍ കുറ്റപ്പെടുത്തി.
കേസില്‍ പുകമറ ഉണ്ടാക്കാനായാണ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി: ആര്‍. സുകേശനെതിരായ െ്രെകംബ്രാഞ്ച് അന്വേഷണമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും വിചാരണക്കോടതി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന കെ.എം. മാണിയുടെ ആവശ്യം തള്ളിക്കൊണ്ട് ഹൈക്കോടതി നിരീക്ഷിച്ചു. മന്ത്രിയായിരുന്ന കെ.എം. മാണിക്കെതിരേ സര്‍ക്കാരിനു കീഴിലുള്ള വിജിലന്‍സ് കളവായി കേസെടുത്തെന്ന് കരുതാനാകില്ല. സുകേശന്‍ ഗൂഢാലോചന നടത്തിയതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടുമില്ല. അക്കാര്യത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ വിചാരണക്കോടതിയിലെ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ കഴിയില്ല. മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കേണ്ടത് വിചാരണക്കോടതിയായ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ്. അതില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്നു കോടതി വ്യക്തമാക്കി.
മാണിക്കെതിരേ നടന്നത് മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം മാത്രമാണ്. അതു വെറും പ്രഹസനം. ഇന്ത്യയില്‍ എവിടെ സഞ്ചരിക്കാനും പൗരന് സ്വാതന്ത്ര്യമുണ്ടെന്നിരിക്കെ ഇത്തരം തെളിവുകള്‍ കണക്കിലെടുത്ത് അന്തിമ തീര്‍പ്പിലെത്തുന്നതെങ്ങനെ? ശാസ്ത്രീയ തെളിവുകളായിരുന്നു അവലംബിക്കേണ്ടിയിരുന്നത്. ബാര്‍ ഉടമകളില്‍ നിന്നു വേണ്ട രീതിയില്‍ തെളിവുകള്‍ ശേഖരിച്ചില്ല. എല്ലാവരും ചേര്‍ന്നുള്ള ഒത്തുകളിയാണ് നടന്നത്. കേസില്‍ ശാസ്ത്രീയ തെളിവെടുപ്പ് നടന്നിട്ടില്ലെന്നു വ്യക്തമാണെന്നും കോടതി പറഞ്ഞു.
പരാതിക്കാരനായ ഡോ. ബിജു രമേശുമായി അന്വേഷണ ഉദ്യോഗസ്ഥനായ സുകേശന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അന്വേഷണം പൂര്‍ത്തിയാകുംവരെ തനിക്കെതിരായ തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.എം. മാണി ഹൈക്കോടതിയെ സമീപിച്ചത്.
സ്‌റ്റേ ലഭിക്കാത്തത് തിരിച്ചടിയല്ല: മാണി
കോട്ടയം: ബാര്‍ കോഴക്കേസില്‍ സ്‌റ്റേ ലഭിക്കാത്തതു തിരിച്ചടിയല്ലെന്നു കെ.എം. മാണി. കേസ് തള്ളിയാല്‍ അതു തിരിച്ചടിയായിരുന്നു. ഇവിടെ സ്‌റ്റേ ലഭിച്ചില്ലെന്നു മാത്രമേയുള്ളൂ.
കേസ് കോടതി കേള്‍ക്കും. തന്റെ വാദങ്ങള്‍ വിജിലന്‍സ് കോടതിയില്‍ തുടരും. വിശദമായി ചര്‍ച്ച ചെയ്യാന്‍ സമയമുണ്ടല്ലോയെന്നും എല്ലാ വിവരങ്ങളും പുറത്തുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ കോഴക്കേസിലെ തിരുവനന്തപുരം വിജിലന്‍സ് കോടതി നടപടികള്‍ സറ്റേ ചെയ്യണമെന്നാവശ്യം ഹൈക്കോടതി തള്ളിയതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു മാണി.