08:10 pm 4/3/2017
ന്യുയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ വംശജനും എസ്എസി കാപിറ്റല്‍ അഡ് വൈസേഴ്‌സ് പോര്‍ട്ട് പോളിയോ മാനേജരുമായിരുന്ന മാത്യു മര്‍ത്തോമയ്ക്ക് കുറ്റ വിമുക്തനാകാന്‍ കോടതി മറ്റൊരവസരം കൂടി നല്‍കി. മെയ് 9 ന് കോടതി വീണ്ടും വാദം കേള്‍ക്കും. യുഎസ് സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീല്‍സാണ് (മന്‍ഹാട്ടന്‍) മര്‍ത്തോമയ്ക്ക് മറ്റൊരു വിചാരണയ്ക്കുള്ള അവസരം നല്‍കുന്നതിന് ഉത്തരവിട്ടത്.
2008 ല്‍ അള്‍സൈമേഴ്‌സ് ഡ്രഗ്ഗിനെക്കുറിച്ചുള്ള രഹസ്യം ഉല്പാദകരായ ഇലെന്‍ കോര്‍പറേഷനില്‍ നിന്നും ചോര്‍ത്തിയെടുത്ത് എസ്എസി കമ്പനി 275 മില്യണ്‍ ഡോളര്‍ ലാഭം ഉണ്ടാക്കി എന്നതാണ് കമ്പനി മാനേജരായിരുന്നു മാത്യു മര്‍ത്തോമായുടെ പേരില്‍ ആരോപിക്കപ്പെട്ട കുറ്റം. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2014 സെപ്റ്റംബറില്‍ 9 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഇന്‍സൈഡര്‍ ട്രേഡിങ്ങിന് ആദ്യമായാണ് ദീര്‍ഘകാല തടവുശിക്ഷ കോടതി വിധിച്ചത്.
2015 ല്‍ മര്‍ത്തോമ അപ്പീല്‍ നല്‍കിയിരുന്നുവെങ്കിലും കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി മാത്യു മര്‍ത്തോമായുടെ ശിക്ഷ നില നില്‍ക്കുമെന്ന് ഉത്തരവിട്ടു. രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കേസില്‍ കോടതി വീണ്ടും ഒരു അവസരം നല്‍കിയത് പ്രതീക്ഷയുണര്‍ത്തുന്നു.

