മാദ്ധ്യമപ്രവര്‍ത്തകരെ പരസ്യമായി കൊലവിളിച്ച് ആര്‍എസ്എസുകാര്‍

01.11 AM 15-06-2016
46880_1465912840
കോടതിവളപ്പില്‍ മാദ്ധ്യമപ്രവര്‍ത്തകരെ പരസ്യമായി കൊലവിളിച്ച് ആര്‍എസ്എസുകാര്‍. നെല്ലായിയില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടാക്രമിച്ച ആര്‍എസ്എസുകാരെ കോടതിയില്‍ ഹാജരാക്കിയതു ചിത്രീകരിച്ചപ്പോഴാണ് മാദ്ധ്യമപ്രവര്‍ത്തകര്‍ക്കു നേര്‍ക്കു പരസ്യമായ കൊലവിളിയുണ്ടായത്.
ഒരു എംഎല്‍എ പോലുമില്ലാത്ത കാലത്തും ഇതിലപ്പുറം ചെയ്തിട്ടുണ്ട്; വെട്ടിനിന്നിട്ടുണ്ടെടാ, തീര്‍ത്തുകളയും ടാ’ എന്നാക്രോശിച്ചാണ് മാദ്ധ്യമപ്രവര്‍ത്തകരെ ആര്‍എസ്എസുകാര്‍ ആക്രമിച്ചത്. കോടതിവളപ്പില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ നോക്കിനില്‍ക്കവെയായിരുന്നു ആര്‍എസ്എസുകാരുടെ അഴിഞ്ഞാട്ടം.
രണ്ടു ബൈക്കുകളിലായി എത്തിയ ആര്‍എസ്എസ് അക്രമി സംഘമാണ് ആക്രമണം നടത്തിയത്. ‘നിങ്ങള്‍ ചാനലുകള്‍ വാര്‍ത്ത എടുക്കുമല്ലേ, കാണിക്കെടാ നിന്റെ ഐഡി, ചാനലില്‍ വാര്‍ത്ത കൊടുത്തോ, ജില്ല പ്രചാരകന്റെ ദേഹത്തു കൊട്ടാല്‍’ തുടങ്ങിയ ആക്രോശങ്ങളുമായി മാദ്ധ്യമപ്രവര്‍ത്തകര്‍ക്കു നേരെ പാഞ്ഞടുക്കുകയായിരുന്നു. ആര്‍എസ്എസ് ജില്ലാപ്രചാരക് വിഷ്ണുവാണ് അതിക്രമത്തിന് നേതൃത്വം നല്‍കുന്നത്. തിരുവനന്തപുരം സ്വദേശിയാണ് ഇയാളെന്നാണു വിവരം. പാലക്കാട് നെല്ലായില്‍ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറു പേരെ പൊലീസ് ഇന്നു രാവിലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ബിജെപി പ്രവര്‍ത്തരെയാണ് ചെര്‍പ്പുള്ളശ്ശേരിയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ കോടതിയില്‍ ഹാജരാക്കിയ ദൃശ്യങ്ങള്‍ പകര്‍ത്തിയപ്പോഴാണ് മാദ്ധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണമുണ്ടായത്.
ക്യാമറകള്‍ ചിത്രീകരിക്കുന്നുണ്ടെന്നു മനസിലാക്കിയിട്ടും ആരെയും കൂസാതെ കൊലവിളിയും അധിക്ഷേപവും നടത്തുകയായിരുന്നു അക്രമികള്‍. മാദ്ധ്യമപ്രവര്‍ത്തകര്‍ക്കു നേരെ തട്ടിക്കയറിയ ആര്‍എസ്എസ് അക്രമികള്‍ പ്രാദേശിക മാദ്ധ്യമപ്രവര്‍ത്തകന്റെ ക്യാമറയും തല്ലിത്തകര്‍ത്തു. നെല്ലായിയില്‍ സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിച്ച ആര്‍എസ്എസുകാരെ കോടതിയില്‍ ഹാജരാക്കിയതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ റിപ്പോര്‍ട്ടര്‍ ടിവി, ഏഷ്യാനെറ്റ് ന്യൂസ്, സിറ്റി ചാനല്‍ റിപ്പോര്‍ട്ടര്‍മാരെയാണ് പ്രാദേശിക ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്.
ശ്രീജിത്ത് കോമ്പാല, ശ്യാംകുമാര്‍ തുടങ്ങിയ റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരെ കൈയേറ്റം നടത്തുന്നതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രതികളായ ആര്‍എസ്എസുകാരെ സ്വകാര്യവാഹനത്തിലാണ് കോടതിയിലെത്തിച്ചത്. മാരകായുധങ്ങളുമായി മറ്റൊരു വാഹനവും കോടതിവളപ്പിലെത്തിയിരുന്നു. ഇതിനു പുറമെയാണു ബൈക്കിലും അക്രമിസംഘമെത്തിയത്. പൊലീസുകാര്‍ കൈയും കെട്ടി നോക്കിനില്‍ക്കവെയായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം.