മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി മാധ്യമ ഉടമകളുടെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി 16-ന് വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനം.

09:59am 05/8/2016

download

കൊച്ചി: മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി മാധ്യമ ഉടമകളുടെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി 16-ന് വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനം. പ്രശ്‌നപരിഹാരത്തിനായി അഡ്വക്കേറ്റ് ജനറല്‍ അധ്യക്ഷനായി രൂപീകരിച്ച കമ്മിറ്റി ഇന്നലെ അഡ്വക്കേറ്റ് ചേംബറില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 16-ന് ഉച്ചയ്ക്ക് രണ്ടിനാണ് ചര്‍ച്ച നടക്കുക. അതുവരെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതിയില്‍ സ്വതന്ത്രമായി റിപ്പോര്‍ട്ടിംഗ് നടത്തുന്നതിനുള്ള സൗകര്യം സംബന്ധിച്ച് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസുമായി സംസാരിക്കുന്നതിന് അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും അതിനുവേണ്ടിയുള്ള ഒരു അന്തരീക്ഷം ഉണ്ടാകത്തക്കവിധമുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയുണ്ടാകേണ്ടതാണെന്നും ചര്‍ച്ചയില്‍ തീരുമാനിച്ചു. അഡ്വക്കേറ്റ് ജനറലിന് പുറമേ ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ജോസഫ് ജോണ്‍, ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ സെക്രട്ടറി ജഗന്‍ ഏബ്രഹാം എം.ജോര്‍ജ്, വൈസ് പ്രസിഡന്റുമാരായ കൃഷ്ണദാസ് പി.നായര്‍, ഐ.ഷീലാദേവി, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം നീമ ജേക്കബ് എന്നിവരും വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് യൂണിയന്‍ ഭാരവാഹികളായ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി.എ.അബ്ദുള്‍ ഗഫൂര്‍, സെക്രട്ടറി എന്‍.നാരായണന്‍, എറണാകുളം ജില്ലാ പ്രസിഡന്റ് കെ.രവികുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.