മാധ്യമപ്രവര്‍ത്തകരെ കോടതികളില്‍ തടയുന്ന പ്രശ്‌നത്തില്‍ ഗവര്‍ണര്‍ ഇടപെടണം: സുധീരന്‍

01:11pm 28/7/2016
download (7)
തിരുവനന്തപുരം: കോടതികളിലെ മാധ്യമവിലക്ക് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. ഭരണകൂടത്തിന്റെ പരാജയമാണ് ഈ വിഷയം പരിഹരിക്കാന്‍ കഴിയാത്തതിന് കാരണം. പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആത്മാര്‍ഥമായ നടപടികള്‍ സ്വീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാതെ മാറി നില്‍ക്കുന്നത് ശരിയല്ല. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ നല്ല ബന്ധം ഉണ്ടാക്കാന്‍ മുഖ്യമന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റീസ്, മുഖ്യ വിവരാവാകാശ കമ്മീഷണര്‍, മാധ്യമസ്ഥാപന പ്രതിനിധികള്‍, ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍ എന്നിവരുമായി ഗവര്‍ണര്‍ മുന്‍കൈയെടുത്ത് ചര്‍ച്ച നടത്തി പ്രശ്‌ന പരിഹാരം കാണണം. ഈ ആവശ്യം ഉന്നയിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യ സംവിധാനത്തില്‍ അറിയാനുള്ള അവകാശത്തിന് പ്രാധാന്യമുണ്ട്. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ നല്ല ബന്ധം ഉണ്ടാക്കണം. മാധ്യമപ്രവര്‍ത്തകരുമായി കാര്യങ്ങള്‍ പങ്കുവയ്ക്കാത്ത മുഖ്യമന്ത്രിയുടെ രീതി ശരിയല്ലെന്നും വി.എം.സുധീരന്‍ കുറ്റപ്പെടുത്തി.