മാര്‍ത്തോമാ സന്നദ്ധ സുവിശേഷക സംഘം കോണ്‍ഫറന്‍സ്: സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഒരുക്കങ്ങള്‍ തുടങ്ങി

08:00 pm 23/3/2017

Newsimg1_44014439
കാലിഫോര്‍ണിയ: മാര്‍ത്തോമാ സന്നദ്ധ സുവിശേഷക സംഘത്തിന്റെ നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന കോണ്‍ഫറന്‍സിന് സാന്‍ ഫ്രാന്‍സിസ്‌കോ ഒരുങ്ങുന്നു. ‘ദേശത്ത് പാര്‍ത്ത് വിശ്വസ്തരായിരിക്ക’ എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. ജൂലൈ 20 മുതല്‍ 23 വരെ ചരിത്ര പ്രസിദ്ധമായ കാലിഫോര്‍ണിയ സ്റ്റേറ്റ് ഈസ്റ്റ് ബേ യൂണിവേഴ്സിറ്റിയില്‍ വെച്ചാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. അമേരിക്ക, ക്യാനഡ, യൂറോപ് പ്രവിശ്യകളിലെ മാര്‍ത്തോമാ ഇടവകകളിലെ പ്രധാന പോഷക സംഘടനയായ ഇടവക മിഷന്റെ പ്രതിനിധികളും വൈദികരുമാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്. ഭദ്രാസന അധിപന്‍ ഡോ. ഐസക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പയുടെ ധീരമായ നേതൃത്വം കോണ്‍ഫറന്‍സിന് മുഴുവന്‍ സമയവും ഉണ്ടാകും. കപ്പൂച്ചിന്‍ സന്യാസി ഫാ. ബോബി ജോസ് കട്ടിക്കാടാണ് വചനപ്രഘോഷണം ചെയ്യുന്നത്. പ്രശസ്തമായ സാന്‍ ഫ്രാന്‍സിസ്‌കോ മാര്‍ത്തോമ്മാ ഇടവകയാണ് കോണ്‍ഫറന്‍സിന് ആതിഥേയമരുളുന്നത്. ഇടവക വികാരി റവ. ബിജു പി. സൈമണ്‍ പ്രസിഡന്റായും കുര്യന്‍ വര്‍ഗീസ് (വിജയന്‍) ജനറല്‍ കണ്‍വീനറുമായ സ്വാഗതസംഘമാണ് പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഒപ്പം സഹോദരീ ഇടവകകളുടെയും വെസ്റ്റേണ്‍ റീജിയണലിലെ ഇടവകകളുടെയും കൈത്താങ്ങല്‍ ക്രമീകരണങ്ങള്‍ക്കുണ്ട്. കോണ്‍ഫറന്‍സിനോട് അനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചു. കോണ്‍ഫറന്‍സിന്റെ ഔപചാരികമായ രജിസ്ട്രേഷന്‍ കിക്ക് ഓഫ് ഏപ്രില്‍ രണ്ടാം തിയതി ആരാധനക്ക് ശേഷം നടക്കുന്ന പരിപാടിയില്‍ വെച്ച് ഫീനിക്‌സ് മാര്‍ത്തോമാ ഇടവക വികാരി റവ. സ്റ്റാലിന്‍ തോമസ് നിര്‍വഹിക്കും.
– ടോം തരകന്‍
(കണ്‍വീനര്‍, മീഡിയ & പബ്ലിസിറ്റി കമ്മിറ്റി)