മിത്രാസ് ആര്‍ട്‌സ് ഷോര്‍ട് ഫിലിം അവാര്‍ഡിനായി അപേക്ഷകള്‍ ക്ഷണിച്ചു തുടങ്ങി

08:18 am 12/4/2017

– ജിനേഷ് തമ്പി


നോര്‍ത്ത് അമേരിക്കന്‍ മലയാളി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ അസുലഭ കലാ പ്രതിഭകള്‍
കലാ ആസ്വാദകര്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുവാനുള്ള വേദി ഒരുക്കുവാനും വേണ്ടി സ്ഥാപിതമായ മിത്രാസ് ആര്‍ട്‌സ്
പ്രഥമ മിത്രാസ് ഷോര്‍ട് ഫിലിം അവാര്‍ഡ് സംഘടിപ്പിക്കുന്നു .അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയതായി മിത്രാസിന്റെ സാരഥികള്‍ പ്രസിഡന്റ് ശ്രീ ഷിറാസും ചെയര്‍മാന്‍ ശ്രീ രാജനും അറിയിച്ചു .

ഈ വര്‍ഷത്തെ മിത്രാസ് ഫെസ്റ്റിവലിനോട് അനുബന്ധിച്ചു നടക്കുന്ന അവാര്‍ഡ്ദാന പുരസ്കാരദാനവേദി നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്കായി ഇന്നേ വരെ ഒരുക്കിയിട്ടുള്ള ഏറ്റവും പ്രൗഢഗംഭീരമായ വേദികളില്‍ ഒന്നായിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

അവാര്‍ഡിനയക്കുന്ന ഓരോ സിനിമയും വിദഗ്ധ ജൂറി അംഗങ്ങള്‍ക്ക് മുന്‍പാകെ പ്രദര്‍ശിപ്പിക്കുന്നതിനും ഏറ്റവും സുതാര്യമായ രീതിയില്‍ അവാര്‍ഡിന് അര്‍ഹമായ ഷോര്‍ട് ഫിലിം തെരെഞ്ഞെടുക്കുന്നതിനും വേണ്ടിയുള്ള സമഗ്രമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു

അമേരിക്കന്‍ മലയാളികള്‍ക്ക് വേണ്ടി മിത്രാസ് ഇദംപ്രഥമായി ഒരുക്കുന്ന ഈ അവാര്‍ഡിനു വേണ്ടി ജൂറി അംഗങ്ങളായി ശ്രീ ജയന്‍ മുളങ്ങാട്(സംവിധായകന്‍), ശ്രീ അജയന്‍ വേണുഗോപാലന്‍ (സംവിധായകന്‍ /തിരക്കഥാകൃത്ത്), ശ്രീമതി മന്യ നായിഡു(അഭിനേത്രി), ശ്രീ ടോം ജോര്‍ജ്(സംവിധായകന്‍), ശ്രീ മിഥുന്‍ ജയരാജ്(ഗായകന്‍/സംഗീതസംവിധായകന്‍) എന്നിവരെ നിയമിച്ചിട്ടുള്ളതായും സംഘാടകര്‍ അറിയിച്ചു.

2016 ജനുവരിക്കും 2017 മേയ് 31 നും ഇടയില്‍ പൂര്‍ത്തീകരിച്ച നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ നിര്‍മിച്ചതോ സംവിധാനം ചെയ്തതോ ആയ മലയാളം ഹ്രസ്വചിത്രങ്ങളാണ് ഈ വര്‍ഷത്തെ അവാര്‍ഡിന് വേണ്ടി പരിഗണിക്കുന്നത്.

മികച്ച സംവിധായകന്‍, മികച്ച സിനിമ, മികച്ച നടന്‍, മികച്ച നടി, മികച്ച ഗായകന്‍/ഗായിക, മികച്ച ഛായാഗ്രാഹകന്‍ എന്നീ വിഭാഗങ്ങളിലാണ്പുരസ്കാരങ്ങള്‍ നല്‍കുന്നത്.

അപേക്ഷകള്‍ mtirahsfilmawards@gmail.com എന്ന ഈമെയിലിലേക് അയക്കുക . അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി മെയ് 31, 2017

വാര്‍ത്ത ജിനേഷ് തമ്പി