O7:02 pm 5/2/2017
– ബിനോയി കിഴക്കനടി (പി.ആര്‍.ഒ.)
ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോനാ ഇടവകയുടെപത്താം വാര്‍ഷികത്തിന്റെ അനുസ്മരണക്കായി, അരുണാചല്‍ പ്രദേശിലെ മിയാവൂ രൂപതയില്‍ ഇടവകയുടെ മധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്റെ നാമത്തില്‍ നിര്‍മ്മിച്ച ദൈവാലയം ആശീര്‍വദിച്ചു. ജാനുവരി 15 ഞായറാഴ്ച മിയാവ് രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് പള്ളിപറമ്പില്‍ പിതാവ് ദൈവാലയത്തിന്റെ കൂദാശകര്‍മ്മം നിര്‍വഹിച്ചു.
2016 സെപ്റ്റംബര്‍ 22 വ്യാഴാഴ്ച, ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോനായില്‍ മിയാവ് രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് പള്ളിപറമ്പില്‍ പിതാവിന്റെ ഇടവക സന്ദര്‍ശനത്തിലാണ് ദശാബ്ദി ആചരണത്തിന്റെ സ്മാരകമായി, കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ ദൈവം ഇടവകയിലൂടെ ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ക്ക് നന്ദി സൂചകമായി, മിയാവൂ രൂപതയില്‍ തിരുഹൃദയത്തിന്റെ നാമത്തിലുള്ള രണ്ടാമത്തെ ദൈവാലയ നിര്‍മ്മിതിക്കായുള്ള ഫണ്ട് കൈമാറിയത്.
10 വര്‍ഷം മുമ്പ്, ഷിക്കാഗോ ഇടവക സ്ഥാപിതമായപ്പോള്‍ ഈശോയുടെ തിരുഹൃദയത്തിന്റെ നാമത്തില്‍ ആദ്യത്തെ ദൈവാലയം നിര്‍മ്മിച്ചു കൊടുത്തിരുന്നു. ആ ദൈവാലത്തിന്റെ കൂദാശയില്‍ സംബന്ധിക്കുവാന്‍ ഈ ഇടവകയില്‍ നിന്ന് 36 പേര്‍ തീര്‍ത്ഥാടനം നടത്തുകയുണ്ടായി. ഈ തീര്‍ത്ഥാടന സംഘം തന്നെ സെന്റ്. ജോര്‍ജ്ജിന്റെ നാമത്തില്‍ മറ്റൊരു ദൈവാലയവും നിര്‍മ്മിച്ചു കൊടുത്തിരുന്നു. ഷിക്കാഗോയിലെ നിരവധി കുടുംബങ്ങളും, വ്യക്തികളും കൂടാതെ വികാരി വെരി റെവ. ഫാദര്‍ എബ്രാഹം മുത്തോലത്തും, മിയാവൂ രൂപതയില്‍ വേറേയും ദൈവാലയങ്ങള്‍ നിര്‍മ്മിച്ചു കൊടുത്തിട്ടുണ്ട്.