കൊച്ചി: കൊച്ചി കായലിൽ മരിച്ചനിലയിൽ കണ്ടെത്തിയ സിഎ വിദ്യാർഥിനി പിറവം സ്വദേശിനി മിഷേൽ ഷാജിയുടെ കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ ജില്ലകളിൽ നിന്നുള്ള സിഎ വിദ്യാർഥികളുടെ കൂട്ടായ്മ.
സംഭവത്തിലെ ദുരൂഹതകൾ മാറ്റി നീതിപൂർവകമായ അന്വേഷണം നടത്തണമെന്നാവ ശ്യപ്പെട്ടായിരുന്നു കൂട്ടായ്മ. എറണാകുളം മറൈൻഡ്രൈവിൽ ഒത്തു കൂടിയ വിദ്യാർഥികൾ ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് തടയുമെന്ന പ്രതിജ്ഞയും എടുത്തു. തുടർന്ന് 500 ഓളം വിദ്യാർഥികൾ ഒപ്പിട്ട പരാതി സിറ്റി പോലീസ് കമ്മീഷണർക്കും ഐജിക്കും നല്കി.
സിഎ വിദ്യാർഥികളുടെ മറ്റൊരു കൂട്ടായ്മ പത്മ ജംഗ്ഷൻ മുതൽ മറൈൻഡ്രൈവ് വരെ മൗനജാഥ സംഘടിപ്പിച്ചു. പ്ലക്കാർഡുകളേന്തി വിവിധ സിഎ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നായി 700 ഓളം വിദ്യാർഥികൾ പങ്കെടുത്തു. മറൈൻഡ്രൈവിൽ നടന്ന കൂട്ടായ്മയിൽ മിഷേലിന്റെ ചിത്രത്തിനു മുന്നിൽ മെഴുകു തിരികളേന്തിയാണ് വിദ്യാർഥികൾ പങ്കെടുത്തത്. മിഷേലിന്റെ കുടുംബത്തിന് നീതികിട്ടുന്നതു വരെ പോരാടുമെന്നും വിദ്യാർഥികൾ പറഞ്ഞു.
വി.എം മോഫിൻ, ദിലീഷ്, നിഖിൽ ഷോണി, മിഥുൻ രാധകൃഷ്ണൻ എന്നിവർ കൂട്ടായ്മയ്ക്ക് നേതൃത്വം നല്കി.