മുംബൈ പാലം അപകടം; അഞ്ചുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി

03:11pm 04/08/2016
images
മുംബൈ: കനത്ത മഴയിലും പ്രളയത്തിലും മഹാരാഷ്ട്രയിലെ സാവിത്രി നദിക്ക് കുറുകെയുള്ള പാലം തകര്‍ന്ന് 22 പേരെ കാണാതായ സംഭവത്തിൽ അഞ്ചുപേരുടെ മൃതദേഹം കൂടി കണ്ടെത്തി. കഴിഞ്ഞദിവസം രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.

ബസിന്‍റെ ഡ്രൈവറടക്കം മൂന്ന് പുരുഷൻമാരുടെയും രണ്ടു സ്ത്രീകളുടെയും മൃതദേഹമാണ് വ്യാഴാഴ്ച കണ്ടെടുത്തത്. അപകടം നടന്നസ്ഥലത്ത് നിന്ന് 100 കിലോമീറ്റര്‍ അകലെ അഞ്ചരളി ഗ്രാമത്തില്‍ നിന്നാണ് ഡ്രൈവര്‍ എസ്. എസ് കാംബ്ലിയുടെ മൃതദേഹം കണ്ടെടുത്തത്. ഒരു സ്ത്രീയുടെ മൃതദേഹം കിട്ടിയത് 15 കിലോമീറ്റര്‍ അകലെനിന്നാണ്. രക്ഷാപ്രവർത്തനം തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് തെരച്ചിൽ പുരോഗമിക്കുന്നത്. ബസ്സുകള്‍ കണ്ടെത്താന്‍ 300 കിലോഭാരമുള്ള കാന്തം ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്.

അതിനിടെ സംഭവത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു.

മഹാഡിലെ മുംബൈ-ഗോവ ദേശീയ പാതയിലെ പാലമാണ് തകര്‍ന്നത്. പാലത്തിന്‍െറ 80 ശതമാനത്തോളം ഭാഗം ഒലിച്ച് പോയി. ചൊവ്വാഴ്ച അര്‍ധ രാത്രിയോടെയായിരുന്നു അപകടം. മുംബൈയില്‍ നിന്ന് ഗോവയിലേക്കുള്ള പഴയ പാലമാണ് തകര്‍ന്നത്. ബ്രിട്ടീഷ് കാലത്ത് നിര്‍മ്മിച്ച പാലമാണിത്. പാലം തകർന്നതറിയാതെ ഇതു വഴി വന്ന മറ്റു വാഹനങ്ങളും നദിയിൽ വീണിട്ടുണ്ടോയെന്നും പൊലീസ്​ പരിശോധിക്കുന്നുണ്ട്​.

കഴിഞ്ഞദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാഫിസും രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.