മുടി രണ്ടായി പിരിച്ചുകെട്ടാന്‍ നിര്‍ബന്ധിക്കരുത് -ബാലാവകാശ കമീഷന്‍

10:02 am 22/08/2016
download (4)
തിരുവനന്തപുരം: സ്കൂളുകളില്‍ പെണ്‍കുട്ടികളെ മുടി രണ്ടായി പിരിച്ചുകെട്ടാന്‍ നിര്‍ബന്ധിക്കരുതെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമീഷന്‍. ഇക്കാര്യം വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിക്കാന്‍ പൊതുവിദ്യാഭ്യാസസെക്രട്ടറി, ഡയറക്ടര്‍, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ എന്നിവരോട് കമീഷന്‍ നിര്‍ദേശിച്ചു. എന്നാല്‍, സ്കൂള്‍ അച്ചടക്കത്തിന്‍െറ ഭാഗമായി മുടി ഒതുക്കിവെക്കണമെന്ന് സ്ഥാപനമേധാവിക്ക് നിഷ്കര്‍ഷിക്കാം.
മുടി രണ്ടായി പിരിച്ചുകെട്ടണമെന്ന് സ്കൂള്‍അധികൃതര്‍ നിര്‍ബന്ധിക്കുന്നെന്ന് കാട്ടി കാസര്‍കോട് ചീമേനി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ളസ് ടു വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് അധ്യക്ഷ ശോഭാകോശി, അംഗങ്ങളായ കെ. നസീര്‍, മീന സി.യു എന്നിവരുടെ നിര്‍ദേശം. പിരിച്ചുകെട്ടുന്നതുമൂലം മുടിക്ക് ദുര്‍ഗന്ധം ഉണ്ടാവുകയും പൊട്ടിപ്പോകുകയും ചെയ്യുന്നു. ഇതൊഴിവാക്കാന്‍ രാവിലെ കുളിക്കാതെ സ്കൂളിലത്തൊന്‍ നിര്‍ബന്ധിതരാകുന്നു. ഇത് ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുമുണ്ട്. മുടി രണ്ടായി പിരിച്ചുകെട്ടാന്‍ രക്ഷാകര്‍ത്താക്കളുടെ സഹായം തേടേണ്ടിവരുന്നെന്നും ഈ നിബന്ധന ലിംഗവിവേചനമാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

രാവിലെ കുളിച്ചശേഷം മുടി ഉണങ്ങിയാലേ പിരിച്ചുകെട്ടാനാകൂ. അല്ളെങ്കില്‍ ദുര്‍ഗന്ധം ഉണ്ടാകുകയും മുടിയുടെ വളര്‍ച്ചയെ ബാധിക്കുകയും ചെയ്യുമെന്ന ആശങ്ക ഗൗരവമുള്ളതാണെന്ന് കമീഷന്‍ നിരീക്ഷിച്ചു. രാവിലെ ഇതിന് സമയം കണ്ടത്തൊനുമാവില്ല. രക്ഷാകര്‍ത്താക്കള്‍ക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കും. കുട്ടികളെ മാനസികമായും ആരോഗ്യപരമായും ദോഷകരമായി ബാധിക്കുന്ന ഈ നിബന്ധന ബാലാവകാശലംഘനമാണെന്നും കമീഷന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി ഒരു മാസത്തിനകം അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.