മുന്‍ എം.എല്‍.എ പി.ബി.ആര്‍.പിള്ള അന്തരിച്ചു

08:33am 26/4/2016

Newsimg1_59542120
കോട്ടയം: ഏറ്റുമാനൂര്‍ മുന്‍ എംഎല്‍എ പി.ബി.ആര്‍.പിള്ള (പി.ബി.രാമന്‍പിള്ള – 86) അന്തരിച്ചു. തിരുവനന്തപുരത്തു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടാഴ്ച മുമ്പ് ചികിത്സയ്ക്കായി തിരുവനന്തപുരത്ത് എത്തിയ പി.ബി.ആര്‍.പിള്ള വാഹനം ഇടിച്ചു പരുക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. അവിവാഹിതനായിരുന്നു. അയ്മനം മര്യാത്തുരുത്ത് പുതുവായില്‍ കുടുംബാംഗമാണ്.

1970ലും 1977ലും രണ്ടുതവണ ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. 1980ല്‍ കോട്ടയം മണ്ഡലത്തില്‍നിന്നു മത്സരിച്ചെങ്കിലും വിജയിച്ചില്ല. നിയമസഭയില്‍ എത്തിയ ആദ്യവര്‍ഷംതന്നെ ഗവര്‍ണറുടെ പ്രസംഗം തടസ്സപ്പെടുത്തിയതിനു ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം മലയാളത്തില്‍ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു സഭയില്‍ ബഹളമുണ്ടാക്കിയത്.

സിഎംഎസ് കോളജ് ഹൈസ്കൂളില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായി. പിന്നീടു വിദ്യാര്‍ഥിരാഷ്ട്രീയ രംഗത്തെത്തി. 1970ല്‍ പിഎസ്പി സ്ഥാനാര്‍ഥിയായി മത്സരിച്ചു കേരള കോണ്‍ഗ്രസിലെ എം.എം.ജോസഫിനെയും സ്വതന്ത്രനായ ജോര്‍ജ് ജോസഫ് പൊടിപാറയെയും തോല്‍പ്പിച്ചു.

വിദ്യാര്‍ഥി കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ് പാര്‍ട്ടി, പിഎസ്പി, ലോഹ്യാ സോഷ്യലിസ്റ്റ്, എസ്എസ്പി, ഐഎസ്പി, ജനത, ജനതാദള്‍ എന്നീ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.