മുല്ലപ്പെരിയാര്‍ ഉപസമിതി സന്ദര്‍ശനം ഇന്ന്

09:57 am 12/08/2016
download (3)
കുമളി: ഒരുമാസത്തോളം നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഉപസമിതി വെള്ളിയാഴ്ച മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും. ജൂലൈ ഒന്നിനാണ് ഏറ്റവും ഒടുവില്‍ ഉപസമിതി അണക്കെട്ട് സന്ദര്‍ശിച്ചത്. ചെയര്‍മാന്‍ ഉമ്പര്‍ജി ഹരീഷ് ഗിരീഷിന്‍െറ നേതൃത്വത്തിലുള്ള ഉപസമിതിയില്‍ കേരള-തമിഴ്നാട് സംസ്ഥാനങ്ങളുടെ രണ്ടുവീതം പ്രതിനിധികളുണ്ട്. ജൂലൈ ഏഴിന് മുല്ലപ്പെരിയാര്‍ ഉന്നതാധികാര ഉപസമിതി അംഗങ്ങളും അനുഗമിച്ചിരുന്നു. പിന്നീട് ആഴ്ചതോറും അണക്കെട്ട് സന്ദര്‍ശിക്കണമെന്ന ഉന്നതാധികാര സമിതി നിര്‍ദേശം ഉണ്ടായെങ്കിലും മുടങ്ങി.

തമിഴ്നാട് പ്രതിനിധികളുടെ നിസ്സഹകരണം മൂലം ഉപസമിതി യോഗവും സന്ദര്‍ശനവും പലപ്പോഴും മുടങ്ങുന്നത് പതിവായിട്ടുണ്ട്. അണക്കെട്ടില്‍ 119.20 അടി ജലമാണ് ഇപ്പോഴുള്ളത്. ജലനിരപ്പ് താഴ്ന്നതോടെ അണക്കെട്ടിന്‍െറ മുന്‍ഭാഗത്തെ ദ്വാരങ്ങള്‍ തമിഴ്നാട് അടച്ചത് ‘മാധ്യമം’ പുറത്തുവിട്ടിരുന്നു. ഇതിനുശേഷം ഉപസമിതി സന്ദര്‍ശനം തീരുമാനിച്ചെങ്കിലും പിന്നീട് തമിഴ്നാട് ഇടപെട്ട് വൈകിപ്പിച്ചെന്നാണ് വിവരം. അണക്കെട്ടിലെ ജലനിരപ്പ് 125 അടിയിലേക്ക് ഉയര്‍ന്നശേഷം ഉപസമിതി സന്ദര്‍ശനം മതിയെന്ന തമിഴ്നാടിന്‍െറ നിലപാട് കേരളത്തിന്‍െറ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് ഇപ്പോള്‍ മാറ്റിയത്.