മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്‌നാടിന് തിരിച്ചടി

02.20 PM 13-04-2016
Mullaperiyar dam

മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്‌നാടിന് തിരിച്ചടി. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കേന്ദ്രസേനയെ വിന്യസിയ്ക്കണമെന്ന തമിഴ്‌നാടിന്റെ അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചില്ല. 2014 ലെ ഭരണഘടനാബെഞ്ചിന്റെ വിധിയില്‍ ഭേദഗതി വേണമെങ്കില്‍ ഇപ്പോഴുള്ള അപേക്ഷ പിന്‍വലിച്ച് പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ സുപ്രീംകോടതി തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കേന്ദ്രസേനയെ വിന്യസിയ്ക്കുക, അണക്കെട്ടില്‍ പരിശോധന നടത്താനെത്തുന്ന തമിഴ്‌നാടിന്റെ ഉദ്യോഗസ്ഥരെ കേരളാ പൊലീസ് പരിശോധിയ്ക്കുന്നത് അവസാനിപ്പിയ്ക്കുക, മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയാന്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കിയ പാരിസ്ഥിതികാനുമതി റദ്ദാക്കുകയും അതിന്റെ പ്രാരംഭപഠനപ്രവര്‍ത്തനങ്ങള്‍ തടയുകയും ചെയ്യുക എന്നീ മൂന്ന് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തമിഴ്‌നാട് സുപ്രീംകോടതിയില്‍ പുതിയ അപേക്ഷ നല്‍കിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പും സുരക്ഷയും സംബന്ധിച്ചുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ 2014ലെ വിധിയില്‍ ഭേദഗതി വേണമെന്നാവശ്യപ്പെട്ടായിരുന്നു അപേക്ഷ. ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, ജസ്റ്റിസ് ഭാനുമതി, ജസ്റ്റിസ് യു യു ലളിത് എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് അപേക്ഷ പരിഗണിച്ചത്. കേസിന്റെ ഈ ഘട്ടത്തില്‍ വിധിയില്‍ തമിഴ്‌നാട് ഭേദഗതി ആവശ്യപ്പെടുന്നത് എന്തിനാണെന്ന് സുപ്രീംകോടതി ചോദിച്ചു. ഭരണഘടനാബെഞ്ചിന്റെ വിധിയില്‍ ഭേദഗതി വേണമെങ്കില്‍ പുതിയ അപേക്ഷയല്ല, പുനഃപരിശോധനാഹര്‍ജി നല്‍കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസിന്റെ ഈ ഘട്ടത്തില്‍ പുതിയ അപേക്ഷകള്‍ പരിഗണിയ്ക്കാനാകില്ലെന്നും സുപ്രീംകോടതി പറഞ്ഞു. ഇപ്പോഴുള്ള അപേക്ഷ പിന്‍വലിച്ച് പുതിയ പുനഃപരിശോധനാഹര്‍ജി സമര്‍പ്പിയ്ക്കാനും സുപ്രീംകോടതി തമിഴ്‌നാടിനോട് നിര്‍ദേശിച്ചു. ഇതനുസരിച്ച് പുതിയ ഹര്‍ജി നല്‍കാന്‍ തയ്യാറാണെന്ന് തമിഴ്‌നാട് സുപ്രീംകോടതിയില്‍ മറുപടി നല്‍കി.