മൂന്നാറിലെ സർക്കാർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന വിവിധ മതങ്ങളുടെ ആരാധനാലയങ്ങൾക്ക് പട്ടയം നൽകണമെന്ന ആവശ്യവുമായി മതമേലധ്യക്ഷന്മാർ.

06:33 pm 7/5/2017


തിരുവനന്തപുരം: മൂന്നാറിലെ സർക്കാർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന വിവിധ മതങ്ങളുടെ ആരാധനാലയങ്ങൾക്ക് പട്ടയം നൽകണമെന്ന ആവശ്യവുമായി ക്രൈസ്തവ മതമേലധ്യക്ഷന്മാർ. ഇക്കാര്യം സംസ്ഥാന സർക്കാർ പരിഗണിക്കണമെന്നും മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മതമേലധ്യക്ഷന്മാർ ആവശ്യപ്പെട്ടു.

അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നത് മതവികാരങ്ങളെ ഹനിക്കുന്ന തരത്തിലാകരുത്. ഒഴിപ്പിക്കൽ നടപടികൾ സ്വീകരിക്കുമ്പോൾ ആവശ്യമായ ജാഗ്രത ഉദ്യോഗസ്ഥർ പുലർത്തണം.

കൈയ്യേറ്റങ്ങൾക്കു വേണ്ടി മതചിഹ്നങ്ങൾ ഉപയോഗിക്കുന്നതിനെ അനുകൂലിക്കുന്നില്ല. മൂന്നാറിലെ അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന സർക്കാർ നടപടിയെ പിന്തുണക്കും. അതേസമയം, കുടിയേറ്റ കർഷകർക്ക് പട്ടയം നൽകുന്ന നടപടി വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മതമേലധ്യക്ഷന്മാർ ആവശ്യപ്പെട്ടു.

ആവശ്യങ്ങൾ പഠിച്ച ശേഷം നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതായി മതമേലധ്യക്ഷന്മാർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.