മൂന്നു കുരുന്നുകളെ കൊലപ്പെടുത്തി മാതാവിന്റെ കാമുകന്‍ ആത്മഹത്യ ചെയ്തു

01:55 pm 9/12/2016
– പി.പി. ചെറിയാന്‍

unnamed (1)

അല്‍ബുക്കര്‍ക്ക് (ന്യൂമെക്‌സികൊ) : അഞ്ചും ആറും ഒമ്പതും വയസ്സ് പ്രായമുള്ള മൂന്ന് കുട്ടികളേയും മാതാവിനേയും വെടിവെച്ചശേഷം മാതാവിന്റെ കാമുകന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചസംഭവം ന്യൂമെക്‌സിക്കൊ സംസ്ഥാനത്തെ അല്‍ബുക്കര്‍ക്കില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

വെടിവെപ്പില്‍ മൂന്ന് കുട്ടികള്‍ മരിക്കുകയും കുട്ടികളെ സംരക്ഷിക്കുവാന്‍ ശ്രമിച്ച മാതാവിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

ഡിസംബര്‍ 5 തിങ്കളാഴ്ച വൈകിട്ട് 6.30നായിരുന്നു സംഭവം. വീട്ടില്‍ നിന്നും മാതാവും കുട്ടികളും പുറത്തു പോയ സമയം ബലമായി വാതില്‍ തുറന്ന് അകത്തു പ്രവേശിച്ച കാമുകന്‍ തിരിച്ചെത്തിയ കുട്ടികള്‍ക്കും മാതാവിനും നേരെ പതിയിരുന്ന് വെടിവെയ്ക്കുകയായിരുന്നു.

കുട്ടികളുടെ മാതാവുമായി ചുരുങ്ങിയ കാലത്തെ ബന്ധം ഉണ്ടായിരുന്ന ജോര്‍ജ് ദാനിയേലാണ് (45) കുട്ടികളെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തതെന്ന് ഡിസംബര്‍ 6 ചൊവ്വാഴ്ച വൈകിട്ട് നടത്തിയ പത്ര സമ്മേളനത്തില്‍ പൊലീസ് ചീഫ് ഗോര്‍ഡന്‍ ഈഡന്‍ പറഞ്ഞു. കുട്ടികളുടേയും മാതാവിന്റേയും

പേര്‍ വെളിപ്പെടുത്തിയിട്ടില്ല. കുട്ടികളുടെ മാതാവ് കാമുകനോട് വെടിവെയ്ക്കരുതെന്ന് കേണപേക്ഷിച്ചുവെങ്കിലും ജോര്‍ജ് നിര്‍ദാക്ഷണ്യം വെടിവെയ്ക്കുകയായിരുന്നു. വെടിയേറ്റ മാതാവിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ന്യൂമെക്‌സിക്കൊ ഗവര്‍ണ്ണര്‍ സൂസന മാര്‍ട്ടിനസ് നിരപരാധികളായ കുട്ടികള്‍ക്കു നേരെ നടത്തിയ വെടിവെപ്പിനെ അപലപിക്കുകയും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.