മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമിക്കുന്നതിനുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു

12.36 AM 27/01/20178
2016_trump
വിഷിംഗ്ടണ്‍ഡിസി: അനധികൃത കുടിയേറ്റം തടയുന്നതിനു മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമിക്കുന്നതിനുള്ള ഉത്തരവിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. മതിൽ നിർമാണത്തിനുള്ള ഘടന രൂപകൽപന ചെയ്യാനായി ഫഡറൽ ഫണ്ടിന് നിർദേശം നൽകുന്ന ഉത്തരവിലാണ് ബുധനാഴ്ച ട്രംപ് ഒപ്പുവച്ചത്.

ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്നു ട്രംപ് ഭരണകൂടം കരുതുന്ന സിറിയ, ഇറാൻ, ഇറാഖ്, ലിബിയ, യെമൻ, സുഡാൻ, സൊമാലിയ തുടങ്ങിയ മുസ്ലീം രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റം താത്കാലികമായി വിലക്കുന്നതിനുള്ള ഉത്തരവിലും ട്രംപ് ഒപ്പുവച്ചു. ദേശീയ സുരക്ഷ സംബന്ധിച്ച ഉത്തരവുകൾ ഉടൻ പുറത്തിറക്കുമെന്ന് ചൊവ്വാഴ്ച ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.

യുഎസ്മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമിച്ച് മെക്സിക്കോയിൽനിന്നുള്ള അനധികൃത കുടിയേറ്റം തടയുമെന്നു തെരഞ്ഞെടുപ്പു പ്രചാരണവേളയിൽ ട്രംപ് പറഞ്ഞിരുന്നു. ഇതിൻറെ ചെലവ് മെക്സിക്കോയിൽനിന്ന് ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 3200കിലോമീറ്ററാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തിയുടെ ദൈർഘ്യം. ഇതിൽ പലേടത്തും ഇപ്പോൾ തന്നെ സുരക്ഷാവേലികളും ചെക്കുപോസ്റ്റുകളുമുണ്ട്. മെക്സിക്കോയിൽനിന്നു പണം ഈടാക്കാനുള്ള ട്രംപിൻറെ നീക്കം അനുവദിക്കില്ലെന്നു മെക്സിക്കൻ അധികൃതർ പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്.