മെഡിക്കല്‍ പ്രവേശം: നിലപാടിൽ ഉറച്ച് ആരോഗ്യ മന്ത്രി

04:15 PM 23/8/2016

download

തിരുവനന്തപുരം: മുഴുവൻ സ്വാശ്രയ മെഡിക്കല്‍ സീറ്റിലും പ്രവേശം നടത്തുമെന്ന നിലപാട് ആവർത്തിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പ്രവേശം സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് കോടതിയെ ബോധ്യപ്പെടുത്തുമെന്ന് ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്‍റുകളുമായി ചര്‍ച്ചക്ക് തയാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മാനേജ്മെന്‍റ് സീറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് അലോട്ട്മെന്‍റ് നടത്തുന്നതിനെതിരെ വിവിധ കോളജ് മാനേജ്മെന്‍റുകള്‍ തിങ്കളാഴ്ച കോടതിയെ സമീപിച്ചിട്ടുണ്ട്. വിവാദ ഉത്തരവ് പിന്‍വലിച്ചാല്‍ 50 ശതമാനം സീറ്റിലെ പ്രവേശാധികാരം സര്‍ക്കാറിന് നല്‍കാമെന്നാണ് അസോസിയേഷന്‍ നിലപാട്. മാനേജ്മെന്‍റുകള്‍ കോടതിയെ സമീപിച്ചതിനാല്‍ കോടതി നിര്‍ദേശം കൂടി കണക്കിലെടുത്ത് തുടര്‍നടപടി ആലോചിക്കാമെന്ന നിലപാടിലാണ് സര്‍ക്കാര്‍. കേരളാ സര്‍ക്കാറും മാനേജ്മെന്‍റുകളും നിലപാടില്‍ ഉറച്ചുനിന്നതോടെ തിങ്കളാഴ്ച ചേരാനിരുന്ന ജയിംസ് കമ്മിറ്റി യോഗം മാറ്റിവെച്ചിരുന്നു.

അതേസമയം, മെറിറ്റ്, മാനേജ്മെന്‍റ് സീറ്റുകളില്‍ ഏകീകൃത ഫീസ് വേണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനം എടുത്തിട്ടില്ല. സംസ്ഥാന സര്‍ക്കാറിന്‍െറ പ്രവേശ പരീക്ഷയിലെ റാങ്ക് പട്ടികയില്‍നിന്നാണ് മെറിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശം. മാനേജ്മെന്‍റ് സീറ്റുകളില്‍ അഖിലേന്ത്യാ പ്രവേശ പരീക്ഷയിലെ (നീറ്റ്) റാങ്കിന്‍റെ അടിസ്ഥാനത്തിലാണ്.

രണ്ടും മെറിറ്റ് ലിസ്റ്റായതിനാല്‍ വ്യത്യസ്ത ഫീസ് ഈടാക്കുന്നത് ധാര്‍മികമല്ലെന്നതിനാലാണ് ഏകീകൃത ഫീസിനെ സര്‍ക്കാര്‍ എതിര്‍ക്കാത്തത്. ഇത് അംഗീകരിച്ചാല്‍ താഴ്ന്ന വരുമാനക്കാരായ നിശ്ചിത ശതമാനം കുട്ടികള്‍ക്ക് സ്കോളര്‍ഷിപ് നല്‍കണമെന്ന ആവശ്യവും സര്‍ക്കാര്‍ മുന്നോട്ടുവെക്കാൻ സാധ്യതയുണ്ട്.