മെത്രാന്‍കായല്‍ -കടമക്കുടി വയല്‍നികത്തല്‍ ഉത്തരവ് പിന്‍വലിച്ചു

03:31pm 9/3/2016
images (3)
തിരുവനന്തപുരം: കുമരകത്തെ മെത്രാന്‍ കായല്‍ ഇക്കോ ടൂറിസം, കടമക്കുടി മെഡിസിറ്റി പദ്ധതികള്‍ക്കായി വയല്‍ നികത്താന്‍ ഇറക്കിയ ഉത്തരവുകള്‍ പിന്‍വലിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സര്‍ക്കാര്‍ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലും പൊതുഅഭിപ്രായം ഉയര്‍ന്നുവന്നതിനാലുമാണ് തീരുമാനം. റവന്യൂ വകുപ്പിനോട് ഉത്തരവ് പിന്‍വലിക്കാന്‍ മന്ത്രിസഭ നിര്‍ദേശം നല്‍കി.

കുമരകത്ത് ഇക്കോ ടൂറിസ്റ്റ് വില്ലേജ് സ്ഥാപിക്കാന്‍ 378 ഏക്കറും കടമക്കുടിയില്‍ മെഡിസിറ്റി സ്ഥാപിക്കാന്‍ 47 ഏക്കറും നികത്താനാണ് അനുമതി നല്‍കിയത്. റാക്കിന്‍ഡോ എന്ന കമ്പനിയാണ് കുമരകം പദ്ധതിക്ക് വേണ്ടി സ്ഥലം വാങ്ങിയത്. 2000 കോടിയുടേതായിരുന്നു പദ്ധതി. അതിനിടെ നിലംനികത്തിലിനെതിരെ തിരുവാങ്കുളം നേച്ചര്‍ ലവേഴ്‌സ് ഫോറം സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി ഹൈകോടതി വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റിവെച്ചു. ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനം റദ്ദാക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ച സാഹചര്യത്തിലാണ് ഇത്.