മോഷണക്കുറ്റം ആരോപിച്ച് ദലിത് യുവാക്കള്‍ക്ക് ലോക്കപ് മര്‍ദനം; അന്വേഷണം തുടങ്ങി

09:18 am 24/10/2016
download

അഞ്ചാലുംമൂട്: മോഷണക്കുറ്റം ആരോപിച്ച് ദലിത് യുവാക്കളെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ അന്വേഷണ ചുമതലയുള്ള കൊല്ലം അസി.കമീഷണര്‍ ആശുപത്രിയിലത്തെി യുവാക്കളുടെ മൊഴിയെടുത്തു. തൃക്കരുവ കാഞ്ഞിരംകുഴി അമ്പഴവയല്‍ താഴതില്‍ രാജീവ് (32), കിളികൊല്ലൂര്‍ മങ്ങാട് അറുനൂറ്റിമംഗലം വയലില്‍ പുത്തന്‍ വീട്ടില്‍ ഷിബു (36) എന്നിവരെയാണ് അഞ്ചാലുംമൂട് പൊലീസ് മര്‍ദിച്ചത്. സംഭവം വിവാദമായതിനത്തെുടര്‍ന്നാണ് ഇതേക്കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചത്. ഇതിന്‍െറ ഭാഗമായി കൊല്ലം എ.സി.പി ജോര്‍ജ് കോശി ആശുപത്രിയിലത്തെി ഇരുവരുടെയും മൊഴി രേഖപ്പെടുത്തുകയായിരുന്നു. അഞ്ചാലുംമൂട്, കൊല്ലം വെസ്റ്റ് സ്റ്റേഷനുകളിലായി അഞ്ചുദിവസത്തോളം കസ്റ്റഡിയില്‍വെച്ച് ക്രൂരമായി പീഡിപ്പിച്ചതായി ഇരുവരും മൊഴിനല്‍കി. സ്റ്റേഷനിലും സെല്ലിലുമായി ക്രൂരമായി മര്‍ദിച്ചതായി ഇരുവരും പറഞ്ഞു. ജനനേന്ദ്രിയത്തില്‍ സ്പ്രിങ് ക്ളിപ്പിട്ട് പിടിക്കുകയും മുളങ്കമ്പ് പോലുള്ള വടി ഉപയോഗിച്ച് ഇരുകൈവിരലുകള്‍ക്കിടയില്‍ തിരുകിക്കയറ്റി മര്‍ദിക്കുകയുമായിരുന്നു.
ഭക്ഷണം പോലും നല്‍കാതെയായിരുന്നു മര്‍ദിച്ച് അവശരാക്കിയത്. ഒരുമാസം മുമ്പ് തൃക്കരുവ കാഞ്ഞിരംകുഴിയില്‍ രമണന്‍െറ ഉടമസ്ഥതയിലുള്ള കിണര്‍ തൊടി നിര്‍മാണ സ്ഥലത്തെ ഓഫിസില്‍നിന്ന് 1,80,000 രൂപ മോഷണം പോയിരുന്നു. ഇവിടെ ജോലിചെയ്തിരുന്ന രാജീവിനെ കുറച്ച് നാളായി സ്ഥലത്ത് കാണാനില്ലായിരുന്നു. ഇതിനെ തുടര്‍ന്ന് സംശയത്തിന്‍െറ പേരില്‍ ഞായറാഴ്ച രാത്രിയോടെ രാജീവിനെയും ബന്ധുവായ ഷിബുവിനെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാഞ്ഞിരംകുഴി സ്വദേശിയായ അനീഷ് എന്നയാളെയും പിടികൂടിയിരുന്നു. ലോക്കപ് മര്‍ദനം സംബന്ധിച്ച അന്വേഷണത്തിന്‍െറ ഭാഗമായി അനീഷിന്‍െറയും മൊഴിയെടുത്തശേഷം ഡി.ജി.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് എ.സി.പി പറഞ്ഞു.
അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ് ഐ. അബ്ദുല്‍ സലാമും ആശുപത്രിയിലത്തെിയിരുന്നു. പരിക്കേറ്റ യുവാക്കള്‍ ശനിയാഴ്ചയാണ് കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സതേടിയത്. അതേസമയം, ദലിത് യുവാക്കളെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചെന്ന സംഭവം കെട്ടിച്ചമച്ചതാണെന്ന് അഞ്ചാലുംമൂട് എസ്.ഐ പ്രശാന്ത്കുമാര്‍ പറഞ്ഞു.