മോഹൻ ഭാഗവതിന്​ ‘പശു ഗവേഷണ’ത്തിൽ ഒാണററി ഡോക്​ടറേറ്റ്​.

11:44 am 10/3/2017

download

നാഗ്​പൂർ: ആർ.എസ്​.എസ്​ ​​മേധാവി മോഹൻ ഭാഗവതിന്​ ‘പശു ഗവേഷണ’ത്തിൽ ഒാണററി ഡോക്​ടറേറ്റ്​. മഹാരാഷ്​ട്ര മൃഗ–മത്സ്യ ശാസ്​ത്ര സർവകലാശാലയാണ്​ ഡോക്​ടറേറ്റ്​ നൽകിയിരിക്കുന്നത്​. കന്നുകാലി സംരക്ഷണത്തിലെ സംഭാവനകൾ മുൻ നിർത്തിയാണ്​ ബിരുദം നൽകിയുള്ള ആദരം​.

ഗോ ശാലകൾ,​ ഗോമൂത്ര ഉൽപന്നങ്ങൾ എന്നീ വിഷയങ്ങളിൽ നടത്തിയ ഗവേഷണത്തിനും എഴുത്തുകൾക്കുമുള്ള ഡി.ലിറ്റ്​ ബഹുമതിയാണ്​ ഭാഗവതിന്​ ലഭിച്ചതെന്ന്​ ആർ.എസ്​.എസ്​ വക്താവ്​ രാജേഷ്​ പദ്​മർ അറിയിച്ചു.

സർവകലാശാല സംഘടിപ്പിച്ച ബിരുദദാന ചടങ്ങിലാണ്​ ഭാഗവതിന്​ ഡോക്​ടറേറ്റ്​ സമ്മാനിപ്പിച്ചത്​​. മഹാരാഷ്​ട്ര ഗവർണർ വിദ്യസാഗർ റാവു, മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​​നാവിസ്​ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

അതേസമയം, രാഷ്​ട്രീയ പ്രേരിതമായാണ്​ ഭാഗവതിന്​ ഡോക്​ടറേറ്റ്​ നൽകിയതെന്ന നിലപാടിലാണ്​ കോൺഗ്രസ്​. ഭാഗവതിന്​ നൽകിയ ഡോക്​ടറേറ്റിനെ പ്രോൽസാഹനമായി മാത്രമേ കാണുന്നുള്ളുവെന്ന്​ സർവകലാശാലയിലെ ചില അധ്യാപകരും പ്രതികരിച്ചു.