08:08 pm 26/12/2016
ന്യൂഡല്‍ഹി: തന്റെ മോചനത്തിനായി യാചിച്ച് ഫാ. ടോം ഉഴുന്നാലില്‍ വീഡിയോ സന്ദേശം അയച്ചു.
പ്രധാനമന്ത്രിയോടും രാഷ്ട്രപതിയോടും ആവശ്യപ്പെട്ടിട്ടും തന്റെ മോചനത്തിന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും ഫാ.ടോം ഉഴുന്നാലില്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നുണ്ട്. മോചനത്തിനായുള്ള നടപടികള്‍ വാര്‍ത്തകളില്‍ മാത്രം ഒതുങ്ങുകയാണെന്നും താന്‍ വളരെയേറെ ദുഖിതനും നിരാശനുമാണെന്നും അദ്ദേഹം പറയുന്നു.
സമൂഹ മാധ്യമങ്ങളിലൂടെയാണ് ടോം ഉഴുന്നാലിലിന്റെ വീഡിയോ പുറത്തു വന്നത്. തന്നെ രക്ഷിക്കുന്നതിനു സഭയുടെ ഭാഗത്തുനിന്നും സര്‍ക്കാരുകളുടെ ഭാഗത്തു നിന്നും അടിയന്തര നടപടികള്‍ ഉണ്ടാകണം. താനൊരു ഇന്ത്യാക്കാരനായതിനാലാണ് ഈ അവസ്ഥ നേരിടേണ്ടി വന്നത്. തന്റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നും എത്രയും വേഗം വൈദ്യസഹായം എത്തിക്കണമെന്നും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ അഭ്യര്‍ഥിക്കുന്നുണ്ട്.
മാര്‍ച്ച് നാലിനാണ് ഫാ.ടോം ഉഴുന്നാലിലിനെ യെമിനിലെ ഏദനില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. പിന്നീട് കേന്ദ്ര വിദേശകാര്യമന്ത്രാലയം ഉള്‍പ്പടെ ഇദ്ദേഹത്തിന്റെ മോചനത്തിന് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഫാ.ടോമിന്റെ മോചനത്തിന് കേന്ദ്ര സര്‍ക്കാര്‍ എല്ലാ സഹായവും നേരത്തെ വാഗ്ദാനം ചെയ്തിരുന്നു.
അതേസമയം, പുറത്തുവന്ന വീഡിയോ സന്ദേശത്തിന്റെ ആധികാരികതയും വിശ്വാസ്യതയും പരിശോധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.