10.20 PM 10/01/2017

ന്യൂഡൽഹി: അമ്മയെ സന്ദർശിച്ചവിവരം ട്വിറ്ററിൽ കുറിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പരിഹാസവർഷവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. തങ്ങൾ ദിവസവും അമ്മയുടെ അനുഗ്രഹം തേടാറുണ്ടെന്നും ഇക്കാര്യം ലോകത്തോടു കൊട്ടിഘോഷിക്കാറില്ലെന്നും കേജരിവാൾ ട്വിറ്ററിൽ കുറിച്ചു.
ഒരുവൻ അവന്റെ അമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പം ജീവിക്കണമെന്നാണ് വേദങ്ങൾ പറയുന്നത്. എന്റെ അമ്മ എനിക്കൊപ്പമുണ്ട്. എന്നും രാവിലെ ഞാൻ അമ്മയുടെ അനുഗ്രഹവും തേടാറുണ്ട്. പക്ഷേ, ഇക്കാര്യം ലോകത്തിനുമുന്നിൽ കൊട്ടിഘോഷിക്കാറില്ല– കേജരിവാൾ ട്വിറ്ററിൽ കുറിച്ചു. ഹിന്ദു ധർമവും ഭാരതീയ സംസ്കാരവുമനുസരിച്ച് ഒരാൾ വൃദ്ധയായ അമ്മയെയും പത്നിയെയും ഒപ്പം സംരക്ഷിക്കണമെന്നാണ് പറയുന്നതെന്നും വലിയ ശബ്ദത്തിൽ സംസാരിക്കുന്നതിനു മുമ്പ് മോദി അദ്ദേഹത്തിന്റെ ഹൃദയം കുറച്ച് വിശാലമാക്കണമെന്നും കേജരിവാൾ പരിഹസിച്ചു. സ്വന്തം അമ്മയെ രാഷ്ട്രീയ നേട്ടത്തിനായി വിനിയോഗിക്കുന്ന മോദിയുടെ നിലപാടിനെയും കേജരിവാൾ വിമർശിച്ചു.
ഇന്ന് യോഗ ഒഴിവാക്കി അമ്മയെ കാണാൻ പോയി, നേരം പുലരും മുൻപു തന്നെ അമ്മയ്ക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു. അമ്മയ്ക്കൊപ്പമുള്ള നിമിഷങ്ങൾ സന്തോഷകരമായിരുന്നു– എന്നതായിരുന്നു മോദിയുടെ ട്വീറ്റ്.
