മോനിഷയുടെ അപകട മരണം; വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയുടെ വെളിപ്പെടുത്തല്‍

08:37 am 13/1/2017
images

നടി മോനിഷയുടെ വിയോഗം മലയാള സിനിമയെ ഞെട്ടിച്ച സംഭവമായിരുന്നു. ചെപ്പടി വിദ്യ എന്ന സിനിമയുടെ ചിത്രീകരണത്തിന് പോകവേ ആലപ്പുഴയിലെ ചേര്‍ത്തലയില്‍ വെച്ചാണ് അപകടമുണ്ടായത്. അപകടത്തിന്‍റെ കാരണം സംബന്ധിച്ച് പല വാര്‍ത്തകളുമുണ്ട്. ഡ്രൈവര്‍ ഉറങ്ങിയപ്പോയതാണെന്നും, ഓടിക്കൊണ്ടിരിക്കെ കാര്‍ ഡിവൈഡറില്‍ കയറിയതിനാലാണ് അപകടം സംഭവിച്ചതെന്നുമൊക്കെയായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ യഥാര്‍ത്ഥ കാരണം ഇതൊന്നുമല്ലെന്നാണ് മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണിക്ക് പറയാനുള്ളത്.
ചെപ്പടി വിദ്യ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഗുരുവായൂരില്‍ ഒരു പ്രോഗ്രാം ഉണ്ടായിരുന്നു. ആ പ്രോഗ്രാം ചെയ്യുന്നതിന് വേണ്ടിയുള്ള പരിശീലനത്തിനായി ബംഗലൂരുവിലേക്ക് പോവുകയായിരുന്നു ഞങ്ങള്‍. മോനിഷ നല്ല ഉറക്കത്തിലായിരുന്നു. എന്നാല്‍ ഡ്രൈവറും താനും ഉറങ്ങിയിരുന്നില്ല. അത് തനിക്ക് ഉറപ്പാണെന്നും ശ്രീദേവി ഉണ്ണി പറഞ്ഞു.
ഡ്രൈവര്‍ ഇടയ്ക്കിടെ പിന്നിലേക്ക് തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഡ്രൈവര്‍ ഉറങ്ങിയിട്ടില്ല എന്നത് ഉറപ്പാണ്. പെട്ടെന്ന് താന്‍ കെഎസ്ആര്‍ടിസി ബസിന്‍റെ ലൈറ്റ് കണ്ടെന്നും, ശബ്ദം കേള്‍ക്കുമ്പോഴേക്കും ഇരിക്കുന്നവശത്തെ ഡോര്‍ തുറന്ന് ദൂരേയ്ക്ക് തെറിച്ചുപോയിരുന്നുവെന്നും ശ്രീദേവി പറഞ്ഞു.
ആക്‌സിഡന്‍റാണെന്ന് തിരിച്ചറിഞ്ഞപ്പോഴേയ്ക്കും ബസ് കാറിനെ കൊണ്ട് പോയിരുന്നു. ചോരയില്‍ മുങ്ങി കിടക്കുകയായിരുന്നു താന്‍. ഒരു ഓട്ടോഡ്രൈവറാണ് രക്ഷയ്ക്കായി എത്തിയതെന്നും ശ്രീദേവി ഉണ്ണി പറഞ്ഞു. മോനിഷ സംഭവ സ്ഥലത്ത് നിന്നു തന്നെ മരിച്ചിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും പ്രതീക്ഷയുണ്ടായിരുന്നില്ല. അപകടം നടക്കുമ്പോഴും ഉറക്കത്തിലായിരുന്ന മോനിഷ പിന്നീട് ഉണര്‍ന്നില്ലെന്നും ശ്രീദേവി ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.