മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ദേവാലയത്തില്‍ നോമ്പാചരണത്തിനു തുടക്കും കുറിച്ചു; നോമ്പുകാലധ്യാനം ഏപ്രില്‍ 7 മുതല്‍ 9 വരെ

09:09 am 6/3/2017

– സ്റ്റീഫന്‍ ചൊള്ളമ്പേല്‍

Newsimg1_65788443

ചിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക ദൈവാലയത്തില്‍ ഫെബ്രുവരി 27 തിങ്കളാഴ്ച്ച അര്‍പ്പിക്കപ്പെട്ട ദിവ്യ ബലിയോടുകൂടി വിഭൂതി ആചരണ തിരുകര്‍മ്മങ്ങങ്ങള്‍ക്കു ആരംഭം കുറിച്ചു. റവ. മോണ്‍ തോമസ് മുളവനാല്‍ ദിവ്യബലിയിലും കുരിശുവര തിരുനാള്‍ കര്‍മ്മങ്ങള്‍ക്കും മുഖ്യ കാര്‍മികത്വം വഹിച്ചു .റവ. ഫാ. ബോബന്‍ വട്ടേമ്പുറത്ത് സഹ കാര്‍മ്മികനായിരുന്നു. യേശു ക്രിസ്തു തന്റെ പരസ്യ ജീവിതാരംഭത്തിനു തൊട്ടുമുമ്പ് മരുഭൂമിയില്‍ നാല്‍പ്പതു ദിനരാത്രങ്ങള്‍ ഉപവസിച്ചതിന്റെ ഓര്‍മ്മയാചരണമാണ് നോമ്പാചരണത്തിനു ആധാരം. പാശ്ചാത്യ ആരാധനക്രമമനുസരിച്ചു വിഭൂതി ആചരണം ബുധനാഴ്ചയിലും , പൗരസ്ത്യ ആരാധനക്രമമനുസരിച്ചു തിങ്കളാഴ്ചയിലുമാണ് തുടങ്ങന്നത് .

കുരിശുവര തിരുനാളിനോടുനുബന്ധിച്ചു ആരംഭിക്കുന്ന നോമ്പാചരണമെന്നതു മത്സ്യ മാംസാദികളുടെ വര്‍ജനം മാത്രമല്ല മറിച്ചു തന്റെ ജീവതത്തില്‍ ഒരു മാറ്റം വരുത്തുന്നതിലാണ് പ്രാധാന്യം. നമ്മുടെ മുന്നില്‍ ഇരിക്കുന്ന ഒരു വിശിഷ്ട ഭോജനം ഒഴിവാക്കാന്‍ സാധിക്കുന്നില്ലായെങ്കില്‍ എങ്ങനെയാണു ശരീരത്തിന്റെ മോഹങ്ങളോട്, പാപ ചിന്തകളോട് “നോ’ പറയുവാന്‍ സാധിക്കുക. എല്ലാ വിശപ്പിന്റെയും പരിഹാരം അപ്പമല്ലയെന്നു ദൈവം തന്റെ മരുഭൂമിയിലെ പരീക്ഷണംകൊണ്ട് നമ്മെ പഠിപ്പിക്കുന്നു. വിഭൂതി തിരുന്നാള്‍ ദിനത്തില്‍ പുരോഹിതര്‍ നമ്മുടെ നെറ്റിയില്‍ ഭസ്മം പൂശി കൊണ്ടു പറയുന്നു “മനുഷ്യാ നീ മണ്ണാകുന്നു മണ്ണിലേക്ക് തന്നെ നീ മടങ്ങുന്നു’ വെന്ന്. ശരിക്കും ഇതു ഒരു ഓര്‍മ്മപ്പെടുത്തലാണ് , ഒരു ഞൊടിയിടക്കുള്ളില്‍ പതിയിരിക്കുന്ന മരണത്തെ കുറിച്ച്; നോമ്പ് അങ്ങനേയും ഒരു ചിന്ത തരുന്നുണ്ട് .

ഈ അമ്പതു നോമ്പാചരണത്തോട് അനുബന്ധിച്ചു സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ വച്ച് ഏപ്രില്‍ മാസം 7ന് വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ ഞായറാഴ്ച വൈകിട്ട് 5 .30 വരെ കോട്ടയം കളത്തിപ്പടി ക്രിസ്റ്റീന്‍ ധ്യാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഫാ. ജോണുസ് ചെറുനിലത്ത്, ബ്ര സന്തോഷ് .റ്റി , മേരിക്കുട്ടി റ്റീച്ചര്‍ എന്നിവര്‍ നയിക്കുന്ന നോമ്പുകാലധ്യാനം നടത്തപ്പെടുന്നു . യുവജനങ്ങള്‍ക്ക് വേണ്ടി കയ്‌റോസ് ടീം ഇംഗ്ലീഷിലും ധ്യാനം നടത്തുന്നുണ്ട്. നോമ്പാചരണത്തോടനുബന്ധിച്ചു നടക്കുന്ന ഈ ധ്യാനത്തില്‍ ഇടവകയിലുള്ള എല്ലാ വിശ്വവാസികളുടെയും സജീവ സാന്നിധ്യം ഉറപ്പാക്കണമെന്ന് ഇടവക വികാരി മോണ്‍ തോമസ് മുളവനാല്‍ അറിയിച്ചു .