മോഹന്‍ലാല്‍ എത്തി സുഭദ്രാമ്മയെ കാണാൻ

09:44 am 20/3/2017

Mohanlal_760x400 (1)

മോനേ മോഹന്‍ലാലേ.. എന്നെ കാണാന്‍ വരുമോ ? സുഭദ്രാമ്മയുടെ വിളികേട്ട് ഒടുവില്‍ മോഹന്‍ലാല്‍ എത്തി. ശ്രീകാര്യം, കട്ടേല കാരുണ്യ വിശ്രാന്തി ഭവന്‍ എന്ന കാന്‍സര്‍ റീഹാബിലിറ്റേഷന്‍ സെന്ററില്‍ താമസിക്കുന്ന സുഭദ്രാമ്മയെ കാണുക മാത്രമല്ല കവിളില്‍ ഉമ്മയും നല്‍കി.
മോനേ മോഹന്‍ലാലേ, എനിക്ക് മോഹന്‍ലാലിനെ വല്യ ഇഷ്ടാ. ഒന്ന് കാണാന്‍ വരുവോ..’ ഇങ്ങനെ സുഭദ്രാമ്മ പറയുന്ന വീഡിയോ കുറച്ചുനാളുകള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിരുന്നു. തനിക്കും സെന്ററില്‍ കഴിയുന്ന നൂറോളം അമ്മമാര്‍ക്കും മോഹന്‍ലാലിനെ കാണാനും സംസാരിക്കാനും ആഗ്രഹമുണ്ടെന്നാണ് സുഭദ്രാമ്മ പറഞ്ഞത്. വീഡിയോ കണ്ടാണ് മോഹന്‍ലാല്‍ സുഭദ്രാമ്മയെ കാണാന്‍ എത്തിയത്. ബി ഉണ്ണികൃഷ്ണന്‍ ചിത്രമായ വില്ലന്റെ ലൊക്കേഷനില്‍ നിന്നാണ് മോഹന്‍ലാല്‍ ശ്രീകാര്യം, കട്ടേല കാരുണ്യ വിശ്രാന്തി ഭവനില്‍ എത്തിയത്. സുഭദ്രാമ്മയുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ് മോഹന്‍ലാല്‍ കവിളില്‍ ഒരു ഉമ്മയും നല്‍കി. അരമണിക്കൂറോളം കാരുണ്യ വിശ്രാന്തി ഭവനിലെ അമ്മമാര്‍ക്കൊപ്പം മോഹന്‍ലാല്‍ സമയം ചെലവിട്ടു.