മ്യാൻമറിൽനിന്നുള്ള 30 റോഹിങ്ക്യ കുടിയേറ്റക്കാരെയും നാല് ഇന്ത്യക്കാരെയും ശ്രീലങ്കൻ കോസ്റ്റ്ഗാർഡ് അറസ്റ്റ് ചെയ്തു

08:44 am 5/5/2017

തഞ്ചാവൂർ: ശ്രീലങ്കവഴി ഓസ്ട്രേലിയയിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിച്ച മ്യാൻമറിൽനിന്നുള്ള 30 റോഹിങ്ക്യ കുടിയേറ്റക്കാരെയും നാല് ഇന്ത്യക്കാരെയും ശ്രീലങ്കൻ കോസ്റ്റ്ഗാർഡ് അറസ്റ്റ് ചെയ്തു. 2013ലാണ് മ്യാൻമറിൽനിന്ന് 30 പേരും ഇന്ത്യയിലെത്തിയത്. കഴിഞ്ഞവർഷം തമിഴ്നാട്ടിലെത്തിയ ഇവർ ജനുവരി മുതൽ അദിരാംപട്ടിണത്താണു താമസിച്ചുവന്നത്.

ഓസ്ട്രേലിയയിലേക്കു കുടിയേറാനായി ഇവർ അദിരാംപട്ടിണത്തെ ചിലരുടെ സഹായം തേടിയിരുന്നു. ഇവരുടെ സഹായത്തോടെ ഏപ്രിൽ 28ന് ഫൈബർ ബോട്ടിൽ നാല് ഇന്ത്യക്കാരടങ്ങുന്ന സംഘം ഓസ്ട്രേലിയയ്ക്കു തിരിക്കുകയും ചെയ്തു. എന്നാൽ, കങ്കേശൻതുറയിൽ ബോട്ട് ശ്രീലങ്കൻ കോസ്റ്റ് ഗാർഡിന്‍റെ പിടിയിലായി. വിദേശി ആക്ട്, പാസ്പോർട്ട് ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.