യാങ്കോൺ: തകർന്നുവീണ മ്യാൻമർ സൈനിക വിമാനത്തിന്റെ ഭാഗങ്ങൾ ആൻഡമാൻ സമുദ്രത്തിൽ കണ്ടെത്തി. മ്യാൻമറിലെ ദാവേ സിറ്റിയിൽനിന്നും 218 കിലോമീറ്റർ മാറി സമുദ്രത്തിൽ വിമാന ഭാഗം കണ്ടെത്തിയതായി വ്യോമസേന വക്താവ് അറിയിച്ചു. തെരച്ചിൽ നടത്തിയ നാവിക കപ്പലുകളും വിമാനങ്ങ ളുമാണ് വിമാനത്തിന്റെ ഒരു ഭാഗം കണ്ടെത്തിയത്.
പട്ടാളക്കാരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ 120 പേരുമായി മിയെക്കിൽനിന്നു യാങ്കോണിലേക്കു പോയ സൈനിക വിമാനമാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് പ്രാദേശിക സമയം 1.35ന് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്നു ഗ്രൗണ്ട് കൺട്രോൾ അറിയിച്ചു.
സൈനികരും കുടുംബാംഗങ്ങളും ഉൾപ്പെടെ 106 പേരും 14 ജീവനക്കാരുമാണു ചൈനീസ് നിർമിത വിമാനത്തിലുണ്ടായിരുന്നത്. 18000 അടി ഉയരത്തിൽ പ റക്കുന്പോഴാണു വിമാനവുമായുള്ള കമ്യൂണിക്കേഷൻ ബന്ധം നിലച്ചത്.
മ്യാൻമറിലെ മുൻ സൈനിക ഭരണകൂടം വാങ്ങിക്കൂട്ടിയ വിമാനങ്ങളാണ് സർവീസിലുള്ളവയെല്ലാം തന്നെ. ഇവയിൽ പലതും കാലപ്പഴക്കം ചെന്നതാണെന്ന് ആ രോപണമുണ്ട്. മൺസൂൺ കാലമാണെങ്കിലും ഇന്നലെ സൈനിക വിമാനം കാണാതായ സമയത്ത് കാലാവസ്ഥ സാധാരണഗതിയിലായിരുന്നുവെന്നു പറയപ്പെടുന്നു. വിമാനദുരന്തത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.