– പി. പി. ചെറിയാന്‍

വാഷിങ്ടണ്‍: യുഎസ് ഹൗസ് മൈനോരിട്ടി ലീഡറായി നാന്‍സി പെലോസി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. നവംബര്‍ 30ന് നടന്ന തിരഞ്ഞെടുപ്പില്‍ ഒഹായോവില്‍ നിന്നുളള പ്രതിനിധി ടിം റയനെയാണ് നാന്‍സി 134 -63 വോട്ടുകളുടെ വ്യത്യാസത്തില്‍ പരാജയപ്പെടുത്തിയത്. പൊതു തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പരാജയത്തിനു ഉത്തരവാദിയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നുവെങ്കിലും 76 വയസ്സുളള നാന്‍സിയെ തന്നെയാണ് പാര്‍ട്ടിയെ നയിക്കുവാന്‍ തിരഞ്ഞെടുത്തത്.പതിനഞ്ച് വര്‍ഷം മുമ്പ് യുഎസ് ഹൗസ് സ്പീക്കറായി നാന്‍സി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആദ്യ വനിതാ സ്പീക്കര്‍ എന്ന ബഹുമതി ലഭിച്ചിരുന്നു.
ടിം റയന് ലഭിച്ച 63 വോട്ടുകള്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ ശക്തമായ ചേരിതിരിവുണ്ടെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ജയിക്കുമെന്ന പ്രതീക്ഷയില്‍ മത്സര രംഗത്തെത്തിയ റയന്‍ പരാജയപ്പെട്ടതില്‍ നിരാശനാണ്. അടുത്ത രണ്ട് വര്‍ഷത്തേക്കുകൂടി നാന്‍സി പാര്‍ട്ടിയെ നയിക്കണമെന്നാണ് ഭൂരിപക്ഷം ഡമോക്രാറ്റിക്ക് പാര്‍ട്ടി പ്രതിനിധികളും അഭിപ്രായപ്പെട്ടത്. ട്രംപിനെ നേരിടുന്നതിന് പരിചയ സമ്പന്നമായ നാന്‍സിക്ക് കഴിയുമെന്നാണ് പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നത്.
