09:08 am 20/2/2017

വാഷിങ്ടണ്‍: അമേരിക്കന്‍ യുദ്ധക്കപ്പലായ യു.എസ്.എസ് കാള്‍ വിന്‍സണ്‍ ദക്ഷിണ ചൈനാ കടലില്‍ നിരീക്ഷണം ആരംഭിച്ചു. യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ നടക്കുന്ന നിരീക്ഷണം സാധാരണ നടക്കുന്നതാണെന്നാണ് അമേരിക്കയുടെ വാദം. എന്നാല്‍, ചൈനയുടെ വിദേശകാര്യ മന്ത്രാലയം ദിവസങ്ങള്‍ക്കുമുമ്പ് നല്കിയ മുന്നറിയിപ്പ് അവഗണിച്ചാണ് യു.എസ് നീക്കം. ഇത് വിഷയത്തില്‍ പുതിയ സംഘര്‍ഷത്തിന് വഴിതുറന്നിരിക്കയാണ്. തങ്ങളുടെ പരമാധികാരത്തെ ചോദ്യംചെയ്യുന്ന നടപടിയാണിതെന്നാണ് ചൈനയുടെ നിലപാട്.
ചെറുദ്വീപുകളും ധാരാളം മത്സ്യസമ്പത്തുമുള്ള പ്രദേശത്തിന്‍െറ നിയന്ത്രണം സംബന്ധിച്ച് ചൈനയും മറ്റു രാജ്യങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അതിനിടെ, ചൈന സൈനിക ആവശ്യങ്ങള്‍ക്ക് ഇവിടെ കൃത്രിമദ്വീപ് നിര്‍മിക്കുന്നുണ്ട്. ഇതിനെല്ലാം ഭീഷണിയാണ് അമേരിക്കയുടെ പുതിയ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. തര്‍ക്ക ദ്വീപുകളില്‍ ചൈന അധികാരം പിടിച്ചെടുക്കുന്നത് തടയലാണ് പുതിയ നീക്കത്തിന്‍െറ കാരണമെന്നാണ് കരുതുന്നത്.
രണ്ടു വര്‍ഷം മുമ്പ് മലേഷ്യന്‍ വ്യോമ-നാവിക സേനയുമായി സഹകരിച്ച് യു.എസ് സേന പ്രദേശത്ത് സൈനികാഭ്യാസം നടത്തിയിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം തങ്ങളുടെ സുരക്ഷയെയും പരമാധികാരത്തെയും ബാധിക്കുന്ന പദ്ധതിയില്‍നിന്ന് അമേരിക്ക പിന്മാറണമെന്ന് ആവശ്യപ്പെട്ടത്.
