യുവ ഡോക്ടര്‍ കാര്‍ അപകടത്തില്‍ മരിച്ചു; മാതാപിതാക്കള്‍ക്ക് പരിക്ക്

08:43 pm 21/4/2017


കോട്ടയം: ജര്‍മനിയില്‍ ഉപരിപഠനം നടത്തുന്ന യുവ ഡോക്ടര്‍ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകുന്നതിനിടയില്‍ ഡോക്ടറും മാതാപിതാക്കളും സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് ഡോക്ടര്‍ മരിച്ചു. പാലാ പാലക്കാട്ടുമല തെരുവത്ത് ഡോ. ആകാശ് തോമസ് (26) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ നെടുന്പാശേരിക്കു സമീപം പുല്ലുവഴിയിലാണ് അപകടമുണ്ടായത്.

ജര്‍മനിയില്‍ ഉപരിപഠനം നടത്തുന്ന ഡോ. ആകാശ് ഓസ്‌ട്രേലിയയ്ക്കു പോകുന്നതിനായാണ് നെടുന്പാശേരി വിമാനത്താവളത്തിലേക്കു യാത്ര തിരിച്ചത്. ഡോക്ടറുടെ രണ്ടു സഹോദരങ്ങള്‍ ഓസ്‌ട്രേലിയയിലുണ്ട്. ഇവരെ സന്ദര്‍ശിച്ചതിനു ശേഷം ജര്‍മനിക്കു പോകുവാനായിരുന്നു തീരുമാനം. പിതാവ് ടി.ടി. തോമസാണ്(ജോയി) കാര്‍ ഓടിച്ചിരുന്നത്. പരിക്കേറ്റ തോമസിനെയും ഭാര്യ സൂസമ്മയേയും (ഉഷ) ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിതാവ് ടി.ടി. തോമസ് റിട്ടയേഡ് ഹെഡ്മാസ്റ്ററാണ്. മാതാവ് സൂസമ്മ റിട്ടയേഡ് എസ്ബിടി അസി. മാനേജരാണ്. സഹോദരങ്ങളായ ആശിഷ് തോമസ്, ആനന്ദ് തോമസ് എന്നിവര്‍ ഓസ്‌ട്രേലിയയിലാണു താമസം. ഡോ. ആകാശ് തോമസ് ഒരു വര്‍ഷത്തോളം പാലാ മരിയന്‍ മെഡിക്കല്‍ സെന്‍ററില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാലാ രൂപതാംഗവും പൂഞ്ഞാര്‍ ഫൊറോന പള്ളി വികാരിയുമായ ഫാ. അഗസ്റ്റിന്‍ തെരുവത്ത് ആകാശിന്‍റെ പിതൃസഹോദരനാണ്.