03:55 pm 27/5/2017
ന്യൂഡൽഹി: കാഷ്മീർ താഴ് വരയിൽ യുവാവിനെ മനുഷ്യകവചമാക്കി കല്ലേറുകാരെ നേരിട്ട സൈനിക നടപടിയെ പിന്തുണച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും പോലീസുകാരെയും അപായം കൂടാതെ പുറത്തെത്തിക്കാൻ സൈനിക നടപടിക്കു കഴിഞ്ഞെന്ന് മാധ്യമപ്രവർത്തകരുമായി സംസാരിക്കവെ അമിത് ഷാ വ്യക്തമാക്കി. നടപടിക്കു നേതൃത്വം നൽകിയ മേജർ ലീതുൾ ഗൊഗോയിയെ അഭിനന്ദിക്കുന്നതായും അദ്ദേഹത്തിനു ബഹുമതി നൽകിയത് സൈനിക മേധാവിയാണെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു.
കല്ലേറു നടത്തിയ കാഷ്മീരി യുവാവിനെ ജീപ്പിന്റെ ബോണറ്റിൽ കെട്ടിവച്ചു പട്രോളിംഗ് നടത്താൻ നിർദേശം നൽകിയ മേജർ ലീതുൾ ഗൊഗോയിക്ക് സൈന്യം കലാപത്തിന് എതിരായ മികച്ച സേവനത്തിനുള്ള സൈനിക ബഹുമതി നൽകി ആദരിച്ചിരുന്നു. കലാപകാരികളുടെ കല്ലേറു തടയാൻ അവരുടെ കൂട്ടത്തിൽനിന്ന് ഒരാളെ പിടികൂടി ജീപ്പിന്റെ ബോണറ്റിൽ കെട്ടിവയ്ക്കുകയായിരുന്നെന്നാണ് സൈന്യം വാദിക്കുന്നത്. ഏപ്രിൽ ഒൻപതിന് ശ്രീനഗർ ഉപതെരഞ്ഞെടുപ്പ് സമയത്തായിരുന്നു സംഭവം. യുവാവിനെ ജീപ്പിന്റെ ബോണറ്റിൽ കെട്ടിയിട്ട സംഭവത്തിൽ അന്വേഷണം തുടരുന്ന ഘട്ടത്തിലാണ് ഗൊഗോയിയെ സൈനിക ബഹുമതിയും തേടിയെത്തുന്നത്.
യുവാവിനെ ജീപ്പിന്റെ ബോണറ്റിൽ കെട്ടിയിട്ട് റോന്തുചുറ്റിയ സൈനിക നടപടിയെ ന്യായീകരിച്ച് പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്ലിയും രംഗത്തെത്തിയിരുന്നു.