യു.എസ് പ്രസിഡന്‍റ്: ഹിലരി ഡെമോക്രാറ്റിക് സ്ഥാനാർഥി

11:43am 27/07/2016
download
ഫിലാഡെൽഫിയ: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാർഥിയായി ഹിലരി ക്ലിന്‍റനെ ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. പാര്‍ട്ടിയിലെ മുഖ്യ എതിരാളിയും സെനറ്ററുമായ ബേണി സാൻഡേഴ്സാണ് ഹിലരിയുടെ പേര് പ്രഖ്യാപിച്ചത്. ഫിലാഡെൽഫിയയിലെ വെൽസ് ഫാർഗോ സെന്‍ററിൽ നടന്ന ഡെമോക്രാറ്റിക് കൺവെൻഷനിലായിരുന്നു പ്രഖ്യാപനം. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്‍റാകും ഹിലരി.

ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിത്വത്തിന് 2383 പ്രതിനിധികളുടെ പിന്തുണയാണ് വേണ്ടതെങ്കിൽ വിവിധ പ്രൈമറികളിൽ നിന്ന് 2220 പേരുടെയും ളും 591 സൂപ്പർ പ്രതിനിധികളും ഉൾപ്പെടെ 2811 പേരുടെ പിന്തുണ ഹിലരിക്ക് ലഭിച്ചു. പാര്‍ട്ടിയിലെ മുഖ്യ എതിരാളി ബേർണി സാൻഡേഴ്സിന് പ്രൈമറികളിൽ നിന്ന് 1831 പേരുടെയും 48 സൂപ്പർ പ്രതിനിധികളുടെയും അടക്കം 1879 പ്രതിനിധികളുടെ പിന്തുണയാണ് ലഭിച്ചത്.

ഡൊണാൾഡ് ട്രംപിനെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയായി ജൂലൈ 18 മുതൽ 21 വരെ നടന്ന േദശീയ കൺവെൻഷനിൽ റിപ്പബ്ലിക്കൻ പാർട്ടി ഒൗദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിന് 1237 പ്രതിനിധികളുടെ പിന്തുണയാണ് വേണ്ടതെങ്കിൽ പ്രൈമറികളിലെ വിജയത്തിലൂടെ 1447 പ്രതിനിധികളുടെയും 95 സൂപ്പർ ഡെലിഗേറ്റുകളുടേത് അടക്കം 1542 പ്രതിനിധികളുടെ പിന്തുണ ട്രംപ് നേടി.

നവംബർ എട്ടിനാണ് യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കുക.