07:45 pm 1/6/2017
വാഷിങ്ടന്‍: യുഎസ് വീസ ലഭിക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വീസയ്ക്കു അപേക്ഷിക്കുന്നവര്‍ ജീവചരിത്രവും സമൂഹമാധ്യമ അക്കൗണ്ടുകളും നല്‍കണമെന്നതാണ് പുതിയ നിബന്ധന. മേയ് 23ന് ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബജറ്റാണു നിര്‍ദേശത്തിന് അംഗീകാരം നല്‍കിയത്. സമൂഹമാധ്യമങ്ങളിലെ അഞ്ചുവര്‍ഷത്തെ ഇടപെടലുകളും 15 വര്‍ഷത്തെ ജീവചരിത്രവുമാണു വീസാ അപേക്ഷയുടെ കൂടെ നല്‍കേണ്ടത്. വിദ്യാഭ്യാസ, അക്കാദമിക് രംഗത്തുള്ളവരുടെ കടുത്ത എതിര്‍പ്പിനെ മറികടന്നാണു തീരുമാനം. പുതിയ നിയന്ത്രണം വീസ കിട്ടാനുള്ള കാലതാമസം വളരെ കൂട്ടുമെന്ന വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
നിര്‍ദേശപ്രകാരം കോണ്‍സുലര്‍ ഉദ്യോഗസ്ഥര്‍ക്കു മുന്‍ പാസ്‌പോര്‍ട്ട് നമ്പരുകള്‍, സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍, ഇമെയില്‍ വിലാസം, ഫോണ്‍ നമ്പര്‍, 15 വര്‍ഷത്തെ ജീവിതരേഖ, ജോലി, യാത്രാ വിവരങ്ങള്‍ തുടങ്ങിയവ ചോദിച്ചുവാങ്ങാം. ഇതുകൂടാതെ കൂടുതല്‍ വിവരങ്ങള്‍ വേണമെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കു ആവശ്യപ്പെടാമെന്നും സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വ്യക്തമാക്കി.
അതേസമയം, യുഎസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരത്തിലേറിയശേഷം 50 മുസ്‌ലിം രാജ്യങ്ങളില്‍പെട്ടവര്‍ക്കു യുഎസ് നല്‍കിയ വീസയില്‍ കുറവുണ്ടായി. പാക്കിസ്ഥാന്‍കാര്‍ക്കു മാര്‍ച്ചിലും ഏപ്രിലിലും നല്‍കിയ നോണ്‍– ഇമിഗ്രന്റ് വീസയില്‍ മുന്‍വര്‍ഷത്തെ പ്രതിമാസ ശരാശരിയെക്കാള്‍ 40 ശതമാനമാണു കുറഞ്ഞത്.