യു.എസ് സര്‍ജന്‍ ജനറല്‍ വിവിക് മൂര്‍ത്തിയെ ഡിസ്മിസ് ചെയ്തു

8:27 am 23/4/2017

– പി.പി. ചെറിയാന്‍

വാഷിംഗ്ടണ്‍: യു,എസ് സര്‍ജന്‍ ജനറലും ഇന്ത്യന്‍ വംശജനുമായ വിവേക് മൂര്‍ത്തിയെ ഡിസ്മിസ് ചെയ്തു. ഇന്ന് വെള്ളി (ഏപ്രില്‍ 21) വൈറ്റ് ഹൗസ് വിജ്ഞാപനത്തിലാണ് വിവരം വെളിപ്പെടുത്തിയത്.

ട്രംപ് ഭരണകൂടത്തിലെ ഇളക്കി പ്രതിഷ്ഠയുടെ ഭാഗമായാണ് ഈ മാറ്റങ്ങള്‍ എന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം.

സര്‍ജന്‍ ജനറല്‍ ഡ്യൂട്ടിയില്‍ നിന്നും വിവേകിനെ പുറത്താക്കിയതായും, എന്നാല്‍ കമ്മീഷന്റെ കോര്‍പ്‌സില്‍ അംഗമായി തുടരുമെന്നും ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസ് സെക്രട്ടറി ടോം പ്രൈസ് പറഞ്ഞു. മൂര്‍ത്തിയുടെ ഇതുവരെയുള്ള സേവനങ്ങളെ ടോം പ്രൈസ് പ്രശംസിച്ചു.

റിട്ടയര്‍ അഡ്മിറല്‍ സില്‍വിയ ട്രന്റ് ആഡംസിന് (ഡപ്യൂട്ടി സര്‍ജന്‍ ജനറല്‍) താത്കാലികമായി ആക്ടിംഗ് സര്‍ജന്‍ ജനറലായി നിയമിച്ചിട്ടുണ്ട്.

39-കാരനായ വിവേക് മൂര്‍ത്തി അമേരിക്കയുടെ പത്തൊമ്പതാമത് സര്‍ജന്‍ ജനറലായിരുന്നു. 2014 ഡിസംബര്‍ 18-നായിരുന്നു മൂര്‍ത്തിയുടെ നിയമനത്തിന് അംഗീകാരം ലഭിച്ചത്.

ഇന്ത്യയിലെ കര്‍ണ്ണാടകയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയ മാതാപിതാക്കള്‍ക്ക് 1977 ജൂലൈ 10-ന് ഇംഗ്ലണ്ടിലെ ഹണ്ടേഴ്‌സ് ഫീല്‍ഡില്‍ ജനിച്ച മകനാണ് വിവേക്. ഇദ്ദേഹത്തിന് മൂന്നു വയസ്സുള്ളപ്പോഴാണ് ഫ്‌ളോറിഡയിലേക്ക് താമസം മാറ്റിയത്.