8:44 am 21/1/2017

ഉത്തര്‍ പ്രദേശില്‍ സമാജ്‍വാദി പാര്‍ട്ടിക്കും കോണ്‍ഗ്രസിനുമിടയിലെ ഭിന്നത തീര്‍ക്കാനുള്ള ചര്‍ച്ചകള്‍ ഇന്നു നടക്കും. പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റുകളില്‍ സമാജ്‍വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത് ദൗര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് ഇന്നലെ പ്രതികരിച്ചിരുന്നു. അഖിലേഷ് യാദവുമായി ഗുലാംനബി ആസാദ് സംസാരിക്കും.
ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി 210 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഇന്നലെ പുറത്തു വിട്ടിരുന്നു. മുലായത്തിന്റെ സഹോദരന്‍ ശിവപാല്‍ യാദവിനെ ഉള്‍പ്പെടുത്തിയ പട്ടിക ശിവപാല്‍ യാദവാണ് പുറത്തുവിട്ടത്. എസ്.പി ദേശീയ അദ്ധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ അംഗീകാരം പട്ടികയ്‌ക്കുണ്ട് എന്ന് പാര്‍ട്ടി നേതാക്കള്‍ പറയുകയും ചെയതു. കോണ്‍ഗ്രസിന്റെ ഒന്‍പത് സിറ്റിങ് സീറ്റുകളില്‍ അഖിലേഷ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ സമാജ്‍വാദി പാര്‍ട്ടി – -കോണ്‍ഗ്രസ് സഖ്യം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ദില്ലിയില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം അഖിലേഷുമായി ചര്‍ച്ച നടത്താന്‍ ഗുലാംനബി ആസാദിന് നിര്‍ദ്ദേശം നല്കി. കോണ്‍ഗ്രസിന് 54 സീറ്റില്‍ കൂടുതല്‍ കിട്ടാന്‍ അര്‍ഹതയില്ലെന്ന് എസ്.പി വൈസ് പ്രസിഡന്‍റ് കിരണ്‍ മോയ് നന്ദ വ്യക്തമാക്കിയതും കല്ലുകടിയായി. അഖിലേഷിന്റെ നീക്കത്തെ മുലായം വീണ്ടും എതിര്‍ക്കുന്നതാണ് ഇപ്പോഴത്തെ ആശയക്കുഴപ്പത്തിനു കാരണം എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.
