യൂത്ത് ലീഗ് പ്രവര്‍ത്തകന്‍െറ കൊല : അന്വേഷണത്തിന് പ്രത്യേക സംഘം

09:38 am 14/8/2016

1966732_w21
നാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ചാലപ്പുറം കാണിയപറമ്പത്ത് അസ്ലമിന്‍െറ (22)കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായക സൂചനകള്‍ പൊലീസിന് ലഭിച്ചു. ആറുപേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 24 മണിക്കൂറിനകം പ്രതികളെ കസ്റ്റഡിയിലെടുക്കുമെന്ന് കൊലപാതകം നടന്ന ചാലപ്പുറം റോഡിലെ ചക്കരക്കണ്ടി മുക്ക് സന്ദര്‍ശിച്ചശേഷം ഐ.ജി ദിനചന്ദ്ര കശ്യപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അക്രമിസംഘത്തെക്കുറിച്ച് കൃത്യമായ സൂചനകള്‍ ലഭിച്ചതായും ഐ.ജി പറഞ്ഞു.

പ്രതികള്‍ സഞ്ചരിച്ച സ്വര്‍ണനിറത്തിലുള്ള കെ.എല്‍ 13 ഇസെഡ് 9091 നമ്പര്‍ ഇന്നോവ കാര്‍ കോഴിക്കോട് ബേപ്പൂര്‍ അരക്കിണര്‍ സ്വദേശിയുടേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം ഇയാളില്‍നിന്ന് പ്രദേശവാസിയായ യുവാവ് ഇത് വാടകക്ക് എടുക്കുകയായിരുന്നു. ഇയാളെപ്പറ്റി കൃത്യമായ വിവരങ്ങള്‍ ലഭിച്ചതായി റൂറല്‍ എസ്.പി വിജയകുമാര്‍ പറഞ്ഞു. അക്രമിസംഘത്തില്‍ ആറുപേരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഡ്രൈവറടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മൂന്നുപേരാണ് കാറില്‍നിന്നിറങ്ങി അസ്ലമിനെ വെട്ടിയത്. ഇന്നോവ കാര്‍കൊണ്ട് ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം റോഡിലേക്ക് തെറിച്ചുവീണ അസ്ലമിനെ ഒരറ്റം വളഞ്ഞ മാതൃകയിലുള്ള വടിവാള്‍കൊണ്ട് തുരുതുരാ വെട്ടുകയായിരുന്നു.

അപകടമാണെന്നായിരിന്നു സമീപവാസികള്‍ ആദ്യം കരുതിയത്. കാറില്‍നിന്നിറങ്ങിയവര്‍ അസ്ലമിന്‍െറ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ തടഞ്ഞുനിര്‍ത്തി വെട്ടുന്നതാണ് ശബ്ദം കേട്ട് ഓടിയത്തെിയവര്‍ കണ്ടത്. ചെറുതും വലുതുമായ 74 മുറിവുകളാണ് ഇയാളുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. വലതു കൈ പാതി ഭാഗം മുറിഞ്ഞുതൂങ്ങിയ നിലയിലും പാദം പകുതി വേര്‍പെട്ട നിലയിലും ആയിരുന്നു.
എ.എസ്.പി ആര്‍. കറുപ്പസാമിയുടെ നേതൃത്വത്തില്‍ കുറ്റ്യാടി സി.ഐ ടി. സജീവന്‍ അന്വേഷണ ഉദ്യോഗസ്ഥനായി രണ്ട് എസ്.ഐമാരും, അഞ്ച് സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരും, റൂറല്‍ എസ്.പിയുടെ കീഴിലുള്ള ക്രൈം സ്ക്വാഡ് ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് അന്വേഷണ സംഘം. മേഖലയില്‍ ശാശ്വത സമാധാനം നിലനിര്‍ത്താന്‍ കലക്ടര്‍ എന്‍. പ്രശാന്തിന്‍െറ നേതൃത്വത്തില്‍ വടകര അതിഥിമന്ദിരത്തില്‍ സമാധാന യോഗം ചേരും. ഞായറാഴ്ച രാവിലെ 11നാണ് യോഗം വിളിച്ചുചേര്‍ത്തത്. എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.