കോൽക്കത്ത: സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയെ രാജ്യസഭാ സ്ഥാനാർഥിയാക്കണമെന്ന് സിപിഎം ബംഗാൾ ഘടകം. ഇക്കാര്യം ആവശ്യപ്പെട്ട് ബംഗാൾ ഘടകം പാർട്ടി പോളിറ്റ് ബ്യൂറോയ്ക്ക് കത്ത് നൽകി. യെച്ചൂരിയെ പോലൊരാൾ രാജ്യസഭയിൽ വേണമെന്നും കത്തിൽ ബംഗാൾ ഘടകം ആവശ്യപ്പെട്ടു.
രാജ്യസഭയിലെ യെച്ചൂരിയുടെ കാലാവധി ജൂലൈയിൽ അവസാനിരിക്കെയാണ് അദ്ദേഹത്തെ മൂന്നാം വട്ടവും സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ ഘടകം രംഗത്തെത്തിയിരിക്കുന്നത്. ഇതിനായി രണ്ട് ടേം നിബന്ധന മാറ്റണമെന്നും കത്തിൽ നിർദേശമുണ്ട്. ബംഗാൾ ഘടകത്തിന്റെ കത്ത് പോളിറ്റ് ബ്യൂറോ ചർച്ച ചെയ്യും.
കോണ്ഗ്രസ് പിന്തുണ നേടുന്നതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നതോടെ രാജ്യസഭയിലേക്കുള്ള മൂന്നാംവട്ട മത്സരത്തിൽ നിന്ന് പിന്മാറുന്നതായി യെച്ചൂരി നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരാൾ രണ്ടിലധികം തവണ രാജ്യസഭയിലേക്ക് മത്സരിക്കുന്ന കീഴ്വഴക്കം പാർട്ടിയില്ലില്ലെന്നും അതനുസരിക്കുമെന്നും യെച്ചൂരി പറഞ്ഞിരുന്നു.

