യോഗേശ്വറിന്റെ വെള്ളി സ്വര്‍ണമാകില്ല

02.39 AM 07-09-2016
Yogeshwar_Dutt_760x400
ദില്ലി: 2012 ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ വെള്ളിമെഡല്‍ നേടിയ ഇന്ത്യയുടെ ഗുസ്തി താരം യോഗേശ്വര്‍ ദത്തിന് സ്വര്‍ണം ലഭിക്കാനുള്ള സാധ്യത അവസാനിച്ചു. മല്‍സരത്തില്‍ സ്വര്‍ണം നേടിയ അസര്‍ബൈജാന്‍ താരം തൊഗ്രുല്‍ അസഗരോവ് ഉത്തേജകം ഉപയോഗിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ യുണൈറ്റഡ് വേള്‍ഡ് റസ്‌ലിംഗ് തള്ളി. അസഗരോവ് ഉത്തേജകം ഉപയോഗിച്ചിട്ടില്ലെന്ന് റസ്‌ലിംഗ് അസോസിയേഷന്‍ വ്യക്തമാക്കി.
തൊഗ്രുല്‍ അസഗരോവ് പ്രാഥമിക ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മല്‍സരത്തില്‍ വെള്ളി മെഡല്‍ നേടിയ റഷ്യയുടെ ബെസിക് കുഡുഖോവ് ഉത്തേജകം ഉപയോഗിച്ചതിന് അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്നാണ് യോഗേശ്വറിന്റെ വെങ്കലം വെള്ളിയായത്. എന്നാല്‍, വെള്ളി മെഡല്‍ സ്വീകരിക്കാന്‍ ഗുസ്തി താരം യോഗേശ്വര്‍ ദത്ത് വിസമ്മതിക്കുകയായിരുന്നു.
നാലു തവണ ലോക ചാംപ്യനായിട്ടുള്ള കുഡുഖോവ് 2013ല്‍ റഷ്യയില്‍ നടന്ന വാഹനാപകടത്തില്‍ മരിച്ചു. 2008 ബെയ്ജിങ് ഒളിംപിക്‌സില്‍ കുഡുഖോവ് വെങ്കലം നേടിയിട്ടുമുമുണ്ട്. ബെസിക് കുഡുഖോവ് മഹാനായ ഗുസ്തി താരമായിരുന്നെന്നും അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് താന്‍ ആ മെഡല്‍ സ്വീകരിക്കാതിരിക്കുന്നതെന്നും യോഗേശ്വര്‍ ദത്ത് വ്യക്തമാക്കുകയായിരുന്നു. വെള്ളിമെഡല്‍ റഷ്യന്‍ താരത്തിന്റെ കുടുംബത്തിന് തന്നെ സൂക്ഷിക്കാമെന്നും യോഗേശ്വര്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ യോഗേശ്വറിന്റെ വെള്ളി മെഡല്‍ സംബന്ധിച്ച് ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന് ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. യോഗേശ്വറിന്റെ മൂത്ര സാംപിളും പരിശോധനയ്ക്ക് വിധേയമാക്കിയശേഷമെ ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിക്കൂവെന്നാണ് സൂചന.
ബെസിക് കുഡുഖോവ് ഉത്തേജകം ഉപയോഗിച്ചുവെന്നു തെളിഞ്ഞതിനെ തുടര്‍ന്നാണ് ലണ്ടന്‍ ഒളിംപിക്‌സിലെ മറ്റു ഗുസ്തിക്കാരുടെയും മൂത്ര സാമ്പിളുകള്‍ വീണ്ടും പരിശോധിക്കാന്‍ വാഡ തീരുമാനിച്ചത്. ഈ പരിശോധനയിലാണ് സ്വര്‍ണം നേടിയ തൊഗ്രുല്‍ അസഗരോവും നിരോധിത മരുന്ന് ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നത്. ലണ്ടന്‍ ഒളിംപിക്‌സില്‍ 60 കിലോഗ്രാം വിഭാഗത്തിലാണ് യോഗേശ്വര്‍ മല്‍സരിച്ചത്.