ബംഗളൂരു: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് 188 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 274 റണ്‍സിൽ അവസാനിച്ചു. ചേതേശ്വർ പൂജാര (92), അജിങ്ക്യ രഹാനെ (52), കെ.എൽ.രാഹുൽ (51) എന്നിവരുടെ അർധ സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് തുണയായത്. ആറ് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസിൽവുഡാണ് കൂറ്റൻ ലീഡ് നേടുന്നതിൽ നിന്നും ഇന്ത്യയെ തടഞ്ഞുനിർത്തിയത്.
213/4 എന്ന ഭേദപ്പെട്ട നിലയിൽ നാലാം ദിനം തുടങ്ങിയ ഇന്ത്യയ്ക്ക് രഹാനെയുടെ വിക്കറ്റ് നഷ്ടപ്പെട്ടതോടെ കഷ്ടകാലം തുടങ്ങി. 52 റണ്‍സ് നേടിയ രഹാനയെ സ്റ്റാർക്ക് വിക്കറ്റിന് മുന്നിൽ കുടുക്കി. അടുത്ത പന്തിൽ കരുണ്‍ നായരെ പൂജ്യത്തിന് പുറത്താക്കിയ സ്റ്റാർക്ക് ഓസീസിന് ഡബിൾ ബ്രേക്ക് ത്രൂ സമ്മാനിക്കുകയായിരുന്നു. പൂജാര കൂടി വീണതോടെ പിന്നീടെല്ലാം ചടങ്ങു മാത്രമായി. അശ്വിൻ (4), ഉമേഷ് യാദവ് (1) എന്നിവർ കാര്യമായ ചെറുത്തുനിൽപ്പ് നടത്തിയില്ല. സാഹ-ഇഷാന്ത് ശർമ സഖ്യം അവസാന വിക്കറ്റിൽ 18 റണ്‍സ് കൂട്ടിച്ചേർത്തു.
87 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് അഞ്ചാം വിക്കറ്റിലെ മികച്ച കൂട്ടുകെട്ടാണ് മാന്യമായ സ്കോർ സമ്മാനിച്ചത്. പൂജാര-രഹാനെ സഖ്യം 118 റണ്‍സ് കൂട്ടിച്ചേർത്തത് നിർണായകമായി. സ്പിന്നിനെ തുണയ്ക്കുമെന്ന് പ്രവചിച്ചിരുന്ന പിച്ചിൽ ഓസീസ് പേസർമാർ രണ്ടാം ഇന്നിംഗ്സിൽ നേടിയത് എട്ട് വിക്കറ്റുകൾ. ഇതിൽ ആറും ഹേസിൽവുഡ് സ്വന്തമാക്കിയപ്പോൾ സ്റ്റാർക്ക് രണ്ടു വിക്കറ്റ് പിഴുതു. സ്റ്റീവ് ഒകീഫ് രണ്ടു വിക്കറ്റ് നേടി.

